27 April Saturday

വലിയ ജാഗ്രത വേണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കൽപ്പറ്റ
സംസ്ഥാന അതിർത്തിയിലായതിനാൽ കോവിഡിനെതിരെ ജില്ലയിൽ വലിയ ജാഗ്രത വേണമെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്. ചെക്ക് പോസ്റ്റ് ഒഴിവാക്കി ഊടുവഴികളിലൂടെ വരുന്നവരുമുണ്ട്.
 ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഏറുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സമൂഹവ്യാപനത്തിന്റെ വക്കിലാണ് ജില്ല. സമ്പർക്കംമൂലമുള്ള രോഗബാധ നിലവിൽ ഇല്ലെങ്കിലും സ്ഥിതി ആശങ്കാജനകമാണ്. തിരുനെല്ലി, പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി,  കോട്ടത്തറ, തൊണ്ടർനാട്, മീനങ്ങാടി, മേപ്പാടി പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപെട്ടവർ ഏറെയാണ്. ഇവിടെയെല്ലാം ജാഗ്രതയും പരിശോധനകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റ, ബത്തേരി നഗരസഭകളിലും സമ്പർക്കത്തിൽപ്പെട്ടവരുണ്ട്. രോഗം ബാധിക്കാതിരിക്കാൻ ഓരോ വ്യക്തിയും കുടുംബവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
രോഗബാധിതനായ പുൽപ്പള്ളിയിലെ ബാങ്ക് മാനേജറുടെ സമ്പർക്കത്തെ തുടർന്ന് നാല് പഞ്ചായത്തുകളിലെ 42 വാർഡുകൾ അടച്ചുപൂട്ടി.  തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് രോഗബാധിതനായ ഡോക്ടറുടെ സമ്പർക്കപ്പട്ടികയും നീണ്ടതാണ്. 658 പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്. ഇവരും ക്ലിനിക്കിൽ രോഗികളെ പരിശോധിച്ചിരുന്നു. തിരുനെല്ലി പൂർണമായും കണ്ടെയ്ൻമെന്റ് സോണാണ്. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളും കണ്ടെയ്ൻമെന്റായി. തൊണ്ടർനാടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 1, 2, 3, 4, 6, 7, 8, 13, 15 വാർഡുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. 201 പേരാണ് രോഗബാധിതരായത്. ഈ മാസം ഇതുവരെ 93 പേർക്കാണ് രോഗം ബാധിച്ചത്. നൂറുപേർ ചികിത്സയിലുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഉൾപ്പെടെ ചികിത്സക്ക് കൂടുതൽ സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top