27 April Saturday
- ഡീസൽ വിലയും നൂറ് കടന്നു

നടുവൊടിയുന്നു, താങ്ങാനാവുന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021
കൽപ്പറ്റ
ഡീസൽ വിലയും നൂറ് കടന്നതോടെ ജനജീവിതം ദുസ്സഹമായി. പെട്രോളിന് നേരത്തെ 100 രൂപ കടന്നിരുന്നു. കോവിഡ് പ്രതിസന്ധിയിൽനിന്ന്‌ കരകയറിക്കൊണ്ടിരിക്കുന്ന ഓട്ടോ-ടാക്സി തൊഴിലാളികൾക്കാണ്  വിലക്കയറ്റം കൂടുതൽ തിരിച്ചടിയായത്.  അന്നന്ന് ജീവിക്കാനുള്ള വക മാത്രം കണ്ടെത്തുന്ന  ഈ മേഖലയിലുള്ളവരെ  വിലവർധന സാരമായി   ബാധിച്ചു. ഓട്ടം കുറഞ്ഞു. ദിവസേന ലഭിക്കുന്ന വരുമാനത്തിൽനിന്ന്‌ ഒരു വലിയ ശതമാനം ഇന്ധനത്തിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടിവരുന്നു.  ഇങ്ങനെപോയാൽ വാഹനം വീട്ടിൽത്തന്നെ വയ്‌ക്കേണ്ടിവരുമെന്നാണ്  ഓട്ടോ-ടാക്സി ഉടമകൾ പറയുന്നത്‌. 
യാത്രക്കാർ വന്നാലും  ഇന്ധനവിലകാരണം  മിച്ചംപിടിക്കാൻ ഒന്നുമില്ല.  പ്രതിഫലം കിട്ടുന്നതിനേക്കാൾ കൂടുതൽ  തുകക്ക്‌ ഇന്ധനമടിക്കേണ്ടി  വരുമോയെന്ന പേടിയാണെന്ന്‌ ഡ്രൈവർമാർ പറയുന്നു.  പുതുതായി ടാക്സി  മേഖലയിലേക്ക് വന്നവർ   ഇന്ധന വില താങ്ങാനാവാതെ മറ്റു ജോലികൾ തേടിപ്പോയി. എന്നാൽ വർഷങ്ങളായി ഈ മേഖലയിൽ ജോലിചെയ്യുന്നവർ   മറു വഴിയില്ലാതെ നിരാശരാണ്‌. വരുമാനം കുറഞ്ഞതോടെ വായ്പാ തിരിച്ചടവും മുടങ്ങി. വാഹനത്തിൽ ഇന്ധനം നിറച്ച്‌ കഴിഞ്ഞ് വീട്ടുചെലവും കഴിഞ്ഞാൽ മറ്റാവശ്യങ്ങൾക്ക്‌ പണം കടം വാങ്ങേണ്ടിവരുന്ന സ്ഥിതിയാണെന്ന്  തൊഴിലാളികൾ പറയുന്നു.   വാഹനങ്ങളിൽ വീടുകൾതോറും കയറി  മീനും  മറ്റു സാധനങ്ങളും  വിൽക്കുന്നവർക്കും വലിയ തിരിച്ചടിയാണ്. സാധനങ്ങൾ വിറ്റുതീർക്കാൻ  കുറേ ദൂരം സഞ്ചരിക്കേണ്ട ഇവർക്ക് നഷ്ടമാണിപ്പോൾ. ഡ്രൈവിങ് സ്കൂൾ നടത്തുന്നവരുടെയും സ്ഥിതി സമാനമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top