26 April Friday
പുസ്‌തകവണ്ടി നാളെ ചുരം കയറും

ഗോത്രമേഖലകളിൽ 100 
ലൈബ്രറികൾ തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

 കൽപ്പറ്റ

ഗോത്രമേഖലകളിൽ  പുതിയ വായനശാലകൾ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ‘ബുക്‌സ് ഓൺ വീൽസ്' പുസ്തകവണ്ടി ബുധനാഴ്ച ജില്ലയിലെത്തും.  ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗോത്രമേഖലകളിൽ ആരംഭിക്കുന്ന നൂറോളം വായനശാലകളിലേക്കുളള പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി ചുരം കയറുന്നത്‌. ആദ്യഘട്ടത്തിൽ ഇരുപത്തഞ്ചോളം ലൈബ്രറികളാണ്  ആരംഭിക്കുന്നത്. സെൽഫ് ഇംപ്രൂവ്‌മെന്റ് ഹബ്ബ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് പദ്ധതിയിലേക്കുളള പുസ്തകങ്ങളുമായി എത്തുന്നത്.  തിരുവനന്തപുരത്ത് നിന്നും ചൊവ്വാഴ്‌ച ഫ്ലാഗ്‌ ഓഫ് ചെയ്യപ്പെടുന്ന പുസ്തകവണ്ടി വിവിധ ജില്ലകളിലെ കലക്‌ഷൻ സെന്ററുകളിൽനിന്ന്‌ പുസ്തകങ്ങൾ ശേഖരിച്ച് ജില്ലയിലെത്തുമ്പോൾ  മാനന്തവാടി കുരിശിങ്കലിൽ ജില്ലാ ലൈബ്രറി കൗൺസിൽ സ്വീകരണം നൽകും. ഇതോടൊപ്പം ഈ പദ്ധതിയിലെ ആദ്യ ലൈബ്രറിയായ എസ്ഐഎച്ച് ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും. കമ്മന കുരിശിങ്കൽ കോളനിയിലെ മുതിർന്ന അംഗമായ കുറുമൻ ലൈബ്രറി ഉദ്ഘാടനംചെയ്യും.  എസ്ഐഎച്ച് ഡയറക്ടർ ആന്റോ മൈക്കിളിൽനിന്ന്‌ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌  ടി ബി സുരേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങും. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമായി  മൂന്ന് വായനശാലകൾകൂടി ഉദ്ഘാടനം ചെയ്യും . അമ്മായിപ്പാലത്ത് ആരംഭിക്കുന്ന പോസിറ്റീവ് കമ്യൂൺ ലൈബ്രറിയുടെ ഉദ്ഘാടനം പോസിറ്റീവ് കമ്യൂൺ  മെന്റർ കെ പി രവീന്ദ്രനും കൊട്ടനോട് ആരംഭിക്കുന്ന പൊന്നൂസ് ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനം എസ്ഐഎച്ച് ഡയറക്ടർ ആന്റോ മൈക്കിളും അപ്പാട് ആരംഭിക്കുന്ന പഞ്ചമി ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  സി അസൈനാരും നിർവഹിക്കും. നൂറ് വായനശാലകൾ ആരംഭിക്കുന്നതിനുള്ള ഒരു ലക്ഷം പുസ്തകങ്ങൾ സമാഹരിക്കാനാണ് സെൽഫ് ഇംപ്രൂവ്‌മെന്റ് ഹബ്ബ് ലക്ഷ്യമിടുന്നത്. 
 വൈവിധ്യമാർന്ന മനഃശാസ്ത്രവിഷയങ്ങളിൽ ചർച്ചകളും ക്ലാസുകളും സംഘടിപ്പിക്കുന്ന സഹൃദയരുടെ ഓൺലൈൻ കൂട്ടായ്മയാണ്  സെൽഫ് ഇംപ്രൂവ്‌മെന്റ് ഹബ്ബ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top