26 April Friday
വന്യമൃഗശല്യം

കർഷക മാർച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കൽപ്പറ്റ
ജനജീവിതം ദുസ്സഹമാക്കിയ വന്യമൃഗാക്രമണം തടയുന്നതിന്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ‌കർഷകരുടെ ഉജ്വല മാർച്ച്‌. കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. വന്യമൃഗശല്യ വിഷയത്തിൽ  ജില്ലാ പഞ്ചായത്തിന്റെ നിസ്സംഗ സമീപനം അവസാനിപ്പിക്കുക, വന്യമൃഗശല്യം തടയാൻ ജില്ലാതല പ്രതിരോധസമിതിക്ക്‌ രൂപം നൽകുക, ത്രിതല പഞ്ചായത്തുകളെ ഏകോപിപ്പിച്ച്‌ പദ്ധതികൾ തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു‌ മാർച്ച്‌.
ജില്ലയുടെ എല്ലാ ഭാഗത്തും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വിലസുകയാണ്‌. വനത്തോട്‌ ചേർന്ന മേഖലകളിലും പട്ടണങ്ങളിലും ഒരുപോലെ ഇവ ഭീതി വിതയ്‌ക്കുന്നു. കാട്ടാനകൾ തെങ്ങും കവുങ്ങും ഉൾപ്പെടെ മറിച്ചിടുന്നു. കടുവയും പുലിയും വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയാണ്‌. ഈ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കി വന്യമൃഗങ്ങളെ പ്രതിരോധിക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം. ഈ പ്രവർത്തനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ മുൻകൈ എടുക്കണമെന്ന്‌ മാർച്ചിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. 
കൽപ്പറ്റ പിണങ്ങോട്‌ ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ സിവിൽസ്‌റ്റേഷനുമുന്നിൽ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ പ്രതിഷേധ ധർണ കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എ വി ജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സുരേഷ്‌ താളൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ്‌ സ്വാഗതവും കെ അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു. വന്യമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട്‌ ജില്ലാ പഞ്ചായത്ത്‌ അധികൃതർക്ക്‌ നിവേദനവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top