26 April Friday

വയനാടിനെ സ്നേഹിച്ച നേതാവ്‌: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
കൽപ്പറ്റ 
വയനാട്‌ ജില്ലയെയും ജനങ്ങളെയും അങ്ങേയറ്റം സ്നേഹിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷണൻ എന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അനുശോചിച്ചു. ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജനതയുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ടു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയതുമുതൽ വയനാടുമായി അദ്ദേഹത്തിന്‌ ഹൃദയബന്ധമുണ്ട്‌. പാർടിയും വർഗബഹുജന സംഘടനകളും  സംഘടിപ്പിക്കുന്നതിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എന്ന നിലയിലും പാർടി സെക്രട്ടറി എന്ന നിലയിലും നേതൃത്വപരമായ പങ്കുവഹിച്ചു.   
വയനാടിന്റെ വികസനത്തിനായി പാർടിക്കകത്തും സർക്കാർതലത്തിലും ഇടപെടൽ നടത്തി. വയനാട് ജില്ലയിലെ പാർടിയെ കരുത്തുറ്റതാക്കി തീർക്കുന്നതിൽ മികച്ച പിന്തുണ നൽകി. ആദിവാസി, കർഷക, തൊഴിലാളി സമരങ്ങൾക്ക്‌ ഊർജവും കരുത്തുമായിരുന്നു. എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച വയനാട് പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് നിർദേശവും ഉപദേശവും നൽകി. 2006–-11 കാലത്ത്‌ ആഭ്യന്തര, ടൂറിസം മന്ത്രി എന്ന നിലയിലും വയനാടിന്റെ വികസനത്തിനായി ഇടപെട്ടു.   മന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി ജില്ലയ്ക്കാകെ മുതൽക്കൂട്ടായി. ആദിവാസികളെ ഉപയോഗിച്ച്‌ മാവോയിസ്‌റ്റുകൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക്‌ തടയിട്ടു. ഇതിനായി ജനമൈത്രി പൊലീസിന്റെ ഇടപെടൽ കോളനികളിലും നടപ്പാക്കി. 
തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് പ്രചാരകനായി അദ്ദേഹം വയനാട്ടിലെത്തി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത്‌ സെന്റർ ഉദ്‌ഘാടനം ചെയ്യാൻ അവശതകൾക്കിടയിലും സന്നദ്ധനായി. ജില്ലയിലെ എല്ലാ നേതാക്കളുമായും പ്രവർത്തകരുമായും വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ അടുപ്പം പുലർത്തിയ നേതാവിനെയാണ്‌ പാർടിക്ക്‌ നഷ്ടമായതെന്ന്‌ സെക്രട്ടറിയറ്റ്‌ അനുശോചന കുറിപ്പിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top