27 April Saturday

കോവിഡ്‌ @ 666; 
 ടിപിആർ 17.15

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
കൽപ്പറ്റ
 ജില്ലയിൽ ഞായറാഴ്‌ച 666 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  493 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌  17.15 ആണ്. 665 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77909 ആയി. 71430 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5494 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4075 പേർ വീടുകളിലാണ് കഴിയുന്നത്. ജില്ലയിൽനിന്ന് 4220 സാമ്പിളുകളാണ് ഞായറാഴ്‌ച പരിശോധനയ്‌ക്കയച്ചത്‌. 
 
രോഗം സ്ഥിരീകരിച്ചവർ
  അമ്പലവയൽ 62, പനമരം 53, കൽപ്പറ്റ 48, കോട്ടത്തറ, മേപ്പാടി, ബത്തേരി 38 വീതം, പൊഴുതന 37, മാനന്തവാടി 36, വെള്ളമുണ്ട 32, മുട്ടിൽ 29, നെന്മേനി 26, പുൽപ്പള്ളി, പടിഞ്ഞാറത്തറ 23 വീതം, പൂതാടി, മീനങ്ങാടി 20 വീതം, മൂപ്പൈനാട് 19, വൈത്തിരി, തിരുനെല്ലി, നൂൽപ്പുഴ 15 വീതം, കണിയാമ്പറ്റ 14, തരിയോട്, തവിഞ്ഞാൽ 13 വീതം, വെങ്ങപ്പള്ളി 11, തൊണ്ടർനാട്, എടവക പത്തു വീതം, മുള്ളൻകൊല്ലി സ്വദേശികളായ 7 പേരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
വ്യാപനം രൂക്ഷം
കോവിഡ് പ്രതിരോധം:  ഇന്നുമുതൽ 
കൂടുതൽ സർക്കാർ ജീവനക്കാർ 
 
കൽപ്പറ്റ
 കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ  തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു.ഇതിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം തിങ്കളാഴ്‌ച മുതൽ  പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകും.  അവശ്യസർവീസ്‌ മേഖലകളിലൊഴിച്ചുള്ളവരെയാണ്‌ പഞ്ചായത്തടിസ്ഥാനത്തിൽ വിന്യസിക്കുന്നത്‌. 
 ജില്ലയിൽ വാക്സിനേഷനും കൂടുതൽ ഊർജിതമാക്കി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും ക്വാറന്റൈൻ ലംഘനമടക്കം പരിശോധിക്കാനും ജില്ലാ പൊലീസ്‌ മേധാവിയടക്കം പ്രവർത്തനരംഗത്തുണ്ട്‌. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ്‌ മേധാവി ചില പ്രദേശങ്ങളിൽ  മിന്നൽ സന്ദർശനം നടത്തി. 
      ജില്ലയിൽ ജൂലൈയിൽ 12,089  കേസാണ്‌ ആകെ റിപ്പോർട്ട്‌ ചെയ്‌തത്‌.  
അതിൽ 3055 ഉം കഴിഞ്ഞ അഞ്ചു ദിവസത്തെയാണ്‌.   27 ന്‌ 583, 28ന്‌ 685, 29ന്‌  693, 30ന്‌ 564, 31ന്‌ 530 ‌എന്നിങ്ങനെയാണ്‌ പുതുതായി കോവിഡ്‌ ബാധിതരായവരുടെ കണക്ക്‌.  ടിപിആർ നിരക്ക്‌ അഞ്ചിൽ കുറവുള്ള എ കാറ്റഗറിയിൽ ഒരു തദ്ദേശസ്ഥാപനവും ജില്ലയിലില്ല.  
 കഴിഞ്ഞ ആഴ്‌ച വരെ നാല്‌ തദ്ദേശസ്ഥാപനങ്ങൾ ഈ കാറ്റഗറിയിലുണ്ടായിരുന്നു.   മൂന്നിലധികം തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20നും മുകളിലാണ്‌.  
ഇതെല്ലാം പരിഗണിച്ചാണ്‌ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ  കൂടുതൽ ജീവനക്കാരെ കോവിഡ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌. 
   കോവിഡ്‌ രൂക്ഷതക്കിടയിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ക്ഷാമം ഒഴിച്ചു നിർത്തിയാൽ  ജില്ലയിൽ വാക്സിനേഷൻ സജീവമാണെന്നത്‌ പ്രതിരോധപ്രവർത്തകർക്ക്‌ ആത്മവിശ്വാസമേകുന്നു.   
ഏറ്റവും ഒടുവിലത്തെ  കണക്കു പ്രകാരം 45 വയസ്സിനു  മുകളിൽ പ്രായമുള്ളവരിൽ  ആദ്യഡോസ്‌ വാക്സിൻ നൽകൽ  നൂറുശതമാനവും പൂർത്തിയാക്കാൻ ജില്ലക്ക്‌ കഴിഞ്ഞു.  ഇതേ വിഭാഗത്തിൽ 57 ശതമാനം പേർക്ക്‌  രണ്ടാം ഡോസും നൽകി.  
ജില്ലയിൽ വൈത്തിരി, തരിയോട്‌, നൂൽപ്പുഴ പഞ്ചായത്തുകളിൽ 18 വയസ്സിനു  മുകളിൽ പ്രായമുള്ളവരിൽ ഒന്നാം ഡോസ്‌ വാക്സിനേഷൻ നൂറുശതമാനം പൂർത്തിയായി.
 
ക്വാറന്റൈൻ ലംഘനം: 
പഞ്ചായത്തംഗത്തിനെതിരെ കേസ്‌ 
തലപ്പുഴ 
ക്വാറന്റൈൻ ലംഘിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു. തവിഞ്ഞാൽ പഞ്ചായത്ത് ഏഴാം വാർഡംഗം  ലൈജി തോമസിനെതിരെയാണ് തലപ്പുഴ പൊലീസ് കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. ഇവരുടെ വീട്ടിലെ അംഗത്തിന്‌ കോവിഡ് ബാധിച്ചിട്ടും ക്വാറന്റൈനിൽ കഴിയാതെ പഞ്ചായത്തംഗം പുറത്തിറങ്ങി നടന്നതിനാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ രോഗം ബാധിച്ച വ്യക്തി ബാത്ത് റൂം അറ്റാച്ച്ഡ് മുറിയിൽ തന്നെ കഴിയുകയാണെന്നും, ഭക്ഷണം പോലും തന്റെ ഭർത്താവാണ് നൽകിവരുന്നതെന്നും രോഗിയുമായി ഒരുവിധ സമ്പർക്കവും തനിക്കില്ലെന്നും ലൈജി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top