26 April Friday

കുറിച്യാർ മലയിൽ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കുറിച്യാർ മലയിലുണ്ടായ മണ്ണിടിച്ചിൽ

 പൊഴുതന

കുറിച്യാർ മലയിൽ ഇടവിട്ടുള്ള ശക്തമായ മഴയിൽ മണ്ണിടിഞ്ഞു. ശനി പകൽ 3.30നാണ് സംഭവം. 2018ലും 19ലും ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ ഒരു ഭാഗത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞതിന്റെ സമീപം 200 മീറ്റർ ദൂരത്തിൽ 22 കുടുംബങ്ങളിലായി നൂറോളം ആളുകൾ താമസിക്കുന്നുണ്ട്. ഇതിന് സമീപം ജോലിയെടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മണ്ണിടിയുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്. മണ്ണും, പാറക്കല്ലുകളും കുറച്ചുദൂരം ഇടിഞ്ഞിറങ്ങി. മണ്ണിടിഞ്ഞ ഭാഗത്തുനിന്ന്‌ ശക്തമായ രീതിയിൽ വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. വലിയ പാറയും ഉരുണ്ടുവീണു. 
മഴ തുടർന്നാൽ മണ്ണിളകി പാറ വീണ്ടും ഉരുണ്ട് താഴെയെത്താനുള്ള സാധ്യതയുണ്ട്.  
മലയുടെ മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളവും ഇതിലൂടെയാണ് കടന്നു പോകുന്നത്. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ്‌ അനസ് റോസ്‌ന സ്റ്റെഫി,  തഹസിൽദാർ എം എസ് ശിവദാസൻ, വില്ലേജ് ഓഫീസർ, ടി സിദ്ദീഖ് എംഎൽഎ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും, വൈത്തിരി പൊലീസും സംഭവ സ്ഥലത്തെത്തി. 2018ൽ പ്രഖ്യാപിച്ച പുനരധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ പ്രദേശത്തെ 22 കുടുംബങ്ങൾ തഹസിൽദാരെ തടഞ്ഞു. 
രണ്ടുദിവസമായി പ്രദേശത്ത് മഴ തുടരുകയാണ്. മഴ തുടരുകയാണെകിൽ ഇനിയും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലത്തുനിന്നും ഇടവിട്ട് ശബ്ദങ്ങൾ കേൾക്കുന്നത് ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്.  ഉരുൾ പൊട്ടലുണ്ടായാൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പുതിയ റോഡ് പ്രദേശത്തും അപകടങ്ങൾക്ക് സാധ്യതയുണ്ട്. 
 
മഴ ശക്തമായാൽ മാറിത്താമസിക്കുമെന്ന്‌ കുടുംബങ്ങൾ 
പൊഴുതന
കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദശത്തിനുസമീപം താമസിക്കുന്ന 22 കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറും. മഴ ശക്തമായാൽ സ്വയം മാറാമെന്ന്‌ നാട്ടുകാർ തഹസിൽദാർക്കും പഞ്ചായത്ത്‌ പ്രസിഡന്റിനും ഉറപ്പുനൽകി. 
 ഏതാനും കുടുംബങ്ങളിലെ പ്രായമായവരെ ബന്ധുവീടുകളിലേക്ക്‌ നേരത്തേ മാറ്റിയിട്ടുണ്ട്‌. 2018, 19 വർഷങ്ങളിൽ ഉരുൾപൊട്ടലിനെത്തുടർന്ന്‌ മാറ്റിപ്പാർപ്പിക്കുന്നവർക്ക്‌ നൽകിയതിന്‌ സമാനമായ നഷ്ടപരിഹാരം നിലവിൽ താമസിക്കുന്നവർക്കും നൽകുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ തഹസിൽദാർ ഉറപ്പ്‌ നൽകിയതിനെത്തുടർന്നാണ്‌ ഇവർ മാറിത്താമസിക്കുമെന്ന്‌ അറിയിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top