26 April Friday

അതിജീവനത്തിന്റെ ആവരണം തുന്നി ഗോത്രവനിതകൾ

പി ഒ ഷീജUpdated: Wednesday Apr 1, 2020
കൽപ്പറ്റ
തയ്യൽമെഷീന്റെ ചടുല താളങ്ങളിൽ അവർ തുന്നിക്കൂട്ടുന്നത്‌ മാഹാമാരിക്കെതിരായ സുരക്ഷ കവചങ്ങൾ മാത്രമല്ല. കൺ ചിമ്മാതെ   കൃഷ്‌ണമണി പോലെ നാട്‌ പരിരക്ഷിക്കുന്നവർക്കുള്ള ഗൗണുകളും വസ്‌ത്രങ്ങളും കൂടിയാണ്‌.   മാസ്‌ക്കുകളും  ആരോഗ്യ പ്രവർത്തകർക്കുള്ള ഗൗണുകളും നിർമിച്ച്‌  കോവിഡിനെതിരായ യുദ്ധത്തിൽ അണിചേരുകയാണ്‌  ഈ ആദിവാസി വനിതകളും. കുടുംബശ്രീ നേതൃത്വത്തിൽ കണിയാമ്പറ്റ  പഞ്ചായത്തിലെ നെല്ലിയമ്പം  പാടിക്കുന്ന്‌  ഊരാളി കോളനിയിൽ  പ്രവർത്തിക്കുന്ന  ‘ചേല അപ്പാരൽ പാർക്കാ’ണ്‌ ഇപ്പോൾ ജില്ലയിലെ പ്രധാന മാസ്‌ക്‌ നിർമാണ കേന്ദ്രം. കൂടാതെ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള ഗൗണുകളുടെ നിർമാണവും ഇവിടെ തുടങ്ങി കഴിഞ്ഞു.ബുധനാഴ്‌ച മുതൽ കോവിഡ്‌ രോഗികളെ പരിചരിക്കുമ്പോൾ  ഡോക്ടർമാരും  നഴ്‌സുമാരും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും ധരിക്കാറുള്ള മുഴൂവൻ ഗൗണുകളും ചേലയിലാണ്‌ നിർമിക്കുക. 
 കുടുംബശ്രീ നേതൃത്വത്തിൽ വിവിധ യൂനിറ്റുകളിൽ മാസ്‌ക്ക്‌ നിർമാണം നടക്കുന്നുണ്ടെങ്കിലും ദിവസേന ഏറ്റവും കൂടുതൽ മാസ്‌ക്കുകൾ നിർമിക്കുന്നത്‌  ചേലയിലാണ്‌. ദിവസേന 1500 ഓളം മാസ്‌ക്കുകൾ ഇവർ    നിർമിക്കുന്നുണ്ട്‌.  പട്ടികവർഗ വകുപ്പ്‌ സഹായത്തോടെ പ്രവർത്തിക്കുന്ന അപ്പാരൽ പാർക്കിൽ നേരത്തെ റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളാണ്‌ നിർമിച്ചിരുന്നത്‌.  വെയിലും   മഴയും  കൊള്ളാതെ അന്തസായ  ജോലി എന്ന   സ്വപ്‌ന സാക്ഷാത്‌കാരത്തിനപ്പുറം ഗോത്ര വനിതകളുടെ  സാമൂഹ്യപിന്നോക്കാവസ്ഥക്കുള്ള  പരിഹാരം കൂടിയാണ്‌  പട്ടിക വർഗവകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  ഈ റെഡിമെയ്‌ഡ്‌ വസ്‌ത്ര നിർമാണ യൂനിറ്റ്‌ . 
പാടിക്കുന്ന്‌ ഊരാളി കോളനിയിലെ 18 വനിതകളും ചിറ്റാലൂർ കുന്ന്‌ പണിയകോളനിയിലെ അഞ്ച്‌ വനിതകളും ഉൾപ്പെടെ 23 പേരാണ്‌  ചേല  റെഡിമെയ്‌ഡ്‌ വസ്‌ത്ര നിർമാണ യൂനിറ്റിലുള്ളത്‌.  യൂനിറ്റിന്‌ പട്ടികവർഗ വകുപ്പ്‌   21 16 174   അനുവദിച്ചിട്ടുണ്ട്‌. കോവിഡ്‌ നിയന്ത്രണം വന്നതോടെ  രണ്ട്‌ ഷിഫ്‌റ്റുകളിലായാണ്‌ ഇവർ ജോലിചെയ്യുന്നത്‌.  എളുപ്പത്തിൽ  കാര്യങ്ങൾ മനസിലാകുന്നതിനാൽ ഇവരെ  പഠിപ്പിക്കാൻ എളുപ്പമാണെന്ന്‌  പരിശീലക വി എ  ലീല പറയുന്നു.  
21 പവർ തയ്യൽമെഷീനുകളാണ്‌ ഇവിടെയുള്ളത്‌. പട്ടികവർഗ റസിഡൻഷ്യൽ സ്‌കൂളുകൾ,   കുടുംബശ്രീ,   തുടങ്ങിയവക്കായി വസ്‌ത്രങ്ങളും യൂണിഫോമുകളും നിർമിക്കാനും ചേല സജ്ജമാണ്‌.  പരിശീലനത്തിൽ  പങ്കെടുക്കുന്നവർക്ക്‌ 300 രൂപ സ്‌റ്റെപ്പൻഡും നൽകുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top