26 April Friday

വിഎച്ച്എസ്ഇയിൽ തൊഴിൽ നൈപുണ്യവും

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
തൃശൂർ
ജില്ലയിലെ മുഴുവൻ വിഎച്ച്എസ്ഇ സ്‌കൂളുകളിലും നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻഎസ്‌ക്യൂഎഫ്) പാഠ്യപദ്ധതി നടപ്പാക്കും. ഹയർ സെക്കൻഡറി തലത്തിൽ അക്കാദമിക് വിഷയങ്ങൾക്കൊപ്പം തൊഴിൽ നൈപുണ്യവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി പ്രാവർത്തികമാക്കിയത്. വൊക്കേഷണൽ കോഴ്‌സുകൾ എൻഎസ്‌ക്യൂഎഫ് അധിഷ്ഠിത പാഠ്യപദ്ധതിക്കനുസൃതമായ കോഴ്‌സുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയിൽ 36 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലും ഈ അധ്യയന വർഷം മുതൽ എൻഎസ്‌ക്യൂഎഫ് പദ്ധതിയാണ് അവലംബിക്കുക. ഇതിൽ 11 സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം പദ്ധതി നടപ്പാക്കിയിരുന്നു. 
കേന്ദ്ര സ്‌കിൽ ഡെവലപ്മെന്റ്‌ മന്ത്രാലയത്തിനു കീഴിലുള്ള സ്‌കിൽ ഡെവലപ്മെന്റ്‌ കോർപറേഷനാണ് കോഴ്‌സുകൾക്ക് രൂപം നൽകിയിരിക്കുന്നത്. ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം ഒരു തൊഴിൽ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും കോഴ്‌സുകൾ സഹായിക്കും. 
ഗ്രൂപ്പ് ബി വിഭാഗത്തിൽ വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ ഓപ്ഷണൽ വിഷയങ്ങളോടൊപ്പം താല്പര്യമുണ്ടെങ്കിൽ ഗണിതം അധിക വിഷയമായി എടുത്ത് പഠിക്കാനും സാധിക്കും. ഇതനുസരിച്ച് മെഡിക്കൽ പ്രവേശന പരീക്ഷയോടൊപ്പം എൻജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുന്നതിനുള്ള സൗകര്യവും ഉണ്ടാവും. 
കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ പൂർണമായും ഓൺലൈനായാണ് പ്രവേശന നടപടി. ആഗസ്‌ത്‌ 14 വരെ വിദ്യാർഥികൾക്ക് വിഎച്ച്എസ്ഇ അഡ്മിഷൻ സൈറ്റായ www.vhscap.kerala.gov.in ലെ 'അപ്ലൈ ഓൺലൈൻ' എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. വിദ്യാർഥികളെ സഹായിക്കാനായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും സ്‌കൂളുകളിൽ ഹെൽപ്‌ ഡെസ്‌ക്കും സജ്ജീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top