26 April Friday

കായിക ഹബ്ബായി കുന്നംകുളത്തിന്റെ കുതിപ്പ്‌

മോഹൻദാസ്‌ എലത്തൂർUpdated: Sunday Jan 29, 2023

കുന്നംകുളം സീനിയർ ഗ്രൗണ്ട്

കുന്നംകുളം 
കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികമത്സരങ്ങൾ നടത്തുന്നതിന്‌ കുന്നംകുളം സീനിയർ ഗ്രൗണ്ടും,  വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി. സംസ്ഥാന കായിക വകുപ്പ് തുക അനുവദിച്ച് നിര്‍മിക്കുന്ന ബോയ്സ് സ്കൂള്‍ പ്രാക്ടീസ് ഗ്രൗണ്ടിന്റെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിന്റെ റബർ ലെയറിങ്ങ്    പൂർത്തീകരിച്ചു.  ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക്. 
 
 ലൈൻ ട്രാക്കിന് പുറമേ ജെമ്പിങ് പിറ്റ്, പവലിയൻ എന്നിവയും പവലിയനു താഴെ ഡ്രസിങ് റൂം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.   ഏഴു കോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ  വികസന പദ്ധതികൾക്കായി അനുവദിച്ചത്.   450 പേർക്ക് ഇരിക്കാവുന്ന  ഗ്യാലറിയുടെ നിർമാണം പുരോഗമിക്കുന്നു. 50 ലക്ഷമാണ്‌ വിനിയോഗിക്കുന്നത്. ഇൻഡോർ സ്റ്റേഡിയം  നവീകരണങ്ങൾക്കായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. ബോക്സിങ് സൗകര്യങ്ങൾ, ഇന്റീരിയർ പെയ്ന്റിങ്ങ്,  ടോയ്‌ലെറ്റ് തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിച്ചു. 
 
 കാലങ്ങളായി ഡ്രൈവിങ്ങ് ടെസ്റ്റിന്‌ ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് ഇന്ന് ഗവ. ബോയ്സ് സ്കൂൾ വിദ്യാർഥികളുടെ പ്രാക്ടീസ് ഗ്രൗണ്ടാവുകയാണ്.  35 ലക്ഷം രൂപയാണ് ഗ്രൗണ്ടിന്റെ  വികസനത്തിനായി വിനിയോഗിക്കുന്നത്.  നീന്തൽക്കുളം നിർമാണത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു.   കുന്നംകുളം ആസ്ഥാനമാക്കി ആരംഭിച്ച സ്പോര്‍ട്സ് ഡിവിഷനും  മധ്യകേരളത്തിലെ കായിക കുതിപ്പിന് കരുത്ത് പകരും.  കായിക വിദ്യാർഥികൾക്ക് റസിഡന്‍ഷ്യലായി സമഗ്ര കായിക പരിശീലനം നല്‍കാവുന്ന സംവിധാനമാണിത്‌.    
 
കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7,8 ക്ലാസുകളിലായി 30 വീതം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് പ്രഥമ ഡിവിഷന്‍ ആരംഭിച്ചു.  ഇതിനാവശ്യമായ പരിശീലകരേയും  ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.  കായിക ഉപകരണങ്ങളും സ്പോര്‍ട്സ് കിറ്റും തയ്യാറാക്കിയാണ് പരിശീലനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top