26 April Friday
കൊമ്പൻപാറ തടയണയുടെ മുഴുവൻ ഷട്ടറുകൾ അടച്ചു

പൂലാനി പ്രദേശത്ത് ജലക്ഷാമത്തിന്‌ പരിഹാരമാകുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ഷട്ടറുകള്‍ അടച്ചതിനെ തുടര്‍ന്ന് കൊമ്പന്‍പാറ തടയണ കവിഞ്ഞൊഴുകുന്നു

ചാലക്കുടി
കൊമ്പൻപാറ തടയണയുടെ മുഴുവൻ ഷട്ടറുകൾ അടച്ചിട്ടും പൂലാനി പ്രദേശത്ത് ജലക്ഷാമത്തിന് പരിഹാരമാകുന്നില്ല. തടയണ ഭാഗത്ത് ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും പൂലാനി പാറക്കുളം, നായരങ്ങാടി ഭാഗങ്ങളിലെ കിണറുകളിൽ ജലനിരപ്പ് കാര്യമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ചാലക്കുടി പുഴയ്‌ക്കു കുറുകെ മേലൂർ-പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് കൊമ്പൻപാറ തടയണ നിർമിച്ചിരിക്കുന്നത്. കുറുപ്പം ഭാഗം വരെയാണ് കനാൽവെള്ളം എത്തുന്നുള്ളൂ. പൂലാനി പ്രദേശത്തേക്ക് കനാൽ വെള്ളം എത്തിക്കണമെന്നാണ് ആവശ്യം. ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷന്റെ ജലസേചനംകൂടി ഇല്ലാതിരുന്നെങ്കിൽ പൂലാനി പ്രദേശം വരണ്ടുണങ്ങിയേനേ. പെരിങ്ങൽകുത്തിൽ വൈദ്യുതോൽപാദനം കുറച്ചതോടെ ചാലക്കുടിപുഴയിലെ ജലവിതാനം  താഴ്ന്നിരിക്കുകയാണ്. പെരിങ്ങൽകുത്ത് ഡാമിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് പുഴയിലെ ജലവിതാനം താഴാൻ കാരണമായത്. 
പലഭാഗത്തും പുഴയുടെ അടിത്തട്ട് കാണുന്ന നിലയിലാണ്. കൊമ്പൻപാറ തടയണയും കൂടപ്പുഴ തടയണയും വറ്റിത്തുടങ്ങി. ഇതേത്തുടർന്നാണ് തടയണകളുടെ ഷട്ടറുകൾ അടച്ചത്. പുഴയോര മേഖലകളിലെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. തുമ്പൂർമുഴിയിൽനിന്നും ജലസേചനത്തിനായി കനാലുകളിലൂടെ വെള്ളം വരുന്നതും കാര്യമായ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്ന് ബ്രാഞ്ച് കനാലുകളിൽ ആവശ്യത്തിന് വെള്ളം എത്തിയിട്ടില്ല. കനാൽ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരും ഇതോടെ ദുരിതത്തിലായി. പെരിങ്ങൽകുത്ത് ഡാമിൽനിന്നും പുറന്തള്ളുന്ന വെള്ളമാണ് വേനലിൽ ചാലക്കുടി പുഴയെ പരിപോഷിപ്പിക്കുന്നത്. 
എന്നാൽ, പെരിങ്ങലിൽ ജലം കുറവായതിനാൽ രാത്രിയിലെ വൈദ്യുതോൽപ്പാദനം നടത്തിയശേഷം കുറച്ചുവെള്ളം മാത്രമാണ് പുഴയിലേക്ക് വിടുന്നത്. തമിഴ്‌നാട് ഡാമുകളിൽനിന്നും വെള്ളം എത്തിയാലേ കൂടുതൽ സമയം വൈദ്യുതോൽപാദനം നടത്താനാകൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top