26 April Friday

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

ഷാജഹാൻ

പാവറട്ടി 
സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടി മുങ്ങിയ കേസിൽ കോൺഗ്രസ് നേതാവ്‌  അറസ്റ്റിൽ. പാവറട്ടിയിൽ പ്രവർത്തിക്കുന്ന ചാവക്കാട് റൂറൽ ഹൗസിങ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ്‌   പെരുവല്ലൂർ അമ്പലത്ത്   ഷാജഹാൻ എന്ന ഷാജി (50)യെയാണ്  തമിഴ് നാട്ടിലെ വാണിയമ്പാടിയിൽ നിന്ന്  എസ്എച്ച്ഒ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 
2018-–-2-020 വർഷങ്ങളിൽ ചാവക്കാട് റൂറൽ ഹൗസിങ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അപ്രൈസർ, അറ്റൻഡർ തസ്തികകളിൽ നിയമനം  നൽകാം എന്ന വാഗ്ദാനം നൽകിയാണ്‌  ഉദ്യോഗാർഥികളിൽ നിന്ന്‌ പണം വാങ്ങിയത്‌. പാവറട്ടി, കണ്ടാണശേരി, അരിമ്പൂർ സ്വദേശികളിൽ നിന്ന് ആദ്യം അഡ്വാൻസ്‌  കൈപ്പറ്റി.   ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുക്കാനായി വ്യാജ ഇന്റർവ്യൂ ബോർഡ് ഉണ്ടാക്കി കൂടിക്കാഴ്‌ച നടത്തി.   പണം നൽകിയവർക്ക്‌ വ്യാജ നിയമന ഉത്തരവും നൽകി.   കോവിഡ് കാലത്ത്‌ ‘വർക്ക് ഫ്രം ഹോം' എന്ന ആനുകൂല്യം മുതലാക്കി റഫറൻസിനായി  ബാങ്ക് ഫയലുകൾ വീട്ടിലേക്ക് കൊടുത്തുവിട്ടു.  നിയമന ഉത്തരവ് നൽകിയവർക്ക് ഒരു മാസത്തിനു ശേഷം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദ്യ ശമ്പളം അയച്ചു കൊടുത്തു. ഇതിനുശേഷം ബാക്കി തുകയും വാങ്ങി. 75 ലക്ഷം രൂപയാണ്‌ വിവിധ ഉദ്യോഗാർഥികളിൽ നിന്നായി തട്ടിയത്‌.  
തുടർ മാസങ്ങളിൽ ശമ്പളം ലഭിക്കാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ്   കബളിപ്പിക്കപ്പെട്ടതായി ഉദ്യോഗാർഥികൾ മനസ്സിലാക്കിയത്‌. തുടർന്ന്‌ പാവറട്ടി പൊലീസിൽ പരാതി നൽകി. 
ഇതിനുശേഷം നാട്ടിൽ നിന്ന്‌ മുങ്ങിയ ഷാജഹാൻ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു.  അഹമ്മദാബാദിലെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെ 2020 ൽ പാവറട്ടി പൊലീസ്  റെയ്ഡ്‌ നടത്തി. പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.   ഫ്ലാറ്റിൽ   നിന്നും ലഭിച്ച  ഒരു യുവതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്‌.  
എസ്ഐ  മാരായ ആർ പി സുജിത്ത്, സജീവൻ, എഎസ്ഐ  ജെയ്സൻ, cസിവിൽ പൊലീസ് ഓഫീസർ സുമേഷ് എന്നിവർ അന്വേഷക സംഘത്തിൽ ഉണ്ടായി. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി  പ്രതിയെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top