27 April Saturday

സ്‌കൂൾ ചാലക്കുടിയിൽ വിജയാഹ്ലാദം കേരളമാകെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
തൃശൂർ
ഇവരുടെ  വിജയാഹ്‌ളാദം   അതിരപ്പിള്ളി വനാന്തരങ്ങളിൽ  മാത്രമല്ല.  അത്‌ അട്ടപ്പാടിയും വയനാടൻ ചുരവും  താണ്ടി കേരളമാകെ പടരും.  ദേശങ്ങൾ കടന്ന്‌ തമിഴ്‌നാട്ടിലുമെത്തും. കേരളത്തിലെ വിവിധ  ജില്ലകളിൽനിന്നുള്ള കുട്ടികൾ പഠിക്കുന്ന ചാലക്കുടി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്‌  പ്ലസ്‌ടുവിലും ഈ വർഷവും നുറുമേനിയാണ്‌ .  സയൻസ്‌ഗ്രൂപ്പായിട്ടും എല്ലാവർക്കും  മികച്ച വിജയം കൈവരിക്കാനായി. 
 44  കുട്ടികളാണ്‌ സ്‌കൂളിൽ പഠിക്കുന്നത്‌. ഇതിൽ ആറുപേർമാത്രമാണ്‌ തൃശൂർ ജില്ലക്കാർ‌. മറ്റുള്ളവർ ഇതര ജില്ലക്കാരാണ്‌. മഞ്ജിമ, കാവ്യ, ജീവിത തുടങ്ങിയവർ അട്ടപ്പാടിയിൽനിന്നുള്ളവരാണ്‌. ആര്യ, പ്രവീണ തുടങ്ങിയവർ വയനാട്ടുകാരാണ്‌. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, വയനാട്‌, മലപ്പുറം, കോഴിക്കോട്‌ തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള കുട്ടികളുമുണ്ട്‌.
ലോക്‌ഡൗണായതിനാൽ   37പേർക്ക് അവസാനപരീക്ഷകൾ‌ സ്വന്തം സ്‌കൂളിൽ എഴുതാനായില്ല.  അവരവരുടെ ജില്ലകളിൽ സ്‌കൂൾ തെരഞ്ഞെടുത്ത്‌   പരീക്ഷ എഴുതുകയായിരുന്നു.  ജില്ലയിലെ ആറുപേരും കോട്ടയം സ്വദേശിനി ഗാഥ ഉണ്ണികൃഷ്‌ണനുമാണ്‌ ചാലക്കുടി സ്‌കൂളിൽ   പരീക്ഷ എഴുതിയത്‌. ഗാഥ എല്ലാ വിഷയത്തിലും എ പ്ലസും നേടി. സ്‌കൂളിൽ ഭൂരിഭാഗവും പട്ടികജാതി, വർഗ വിഭാഗം കുട്ടികളാണെന്നതും സവിശേഷതയാണ്‌.  
പട്ടികവർഗ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ സ്‌‌കൂൾ ഹോസ്‌റ്റലിൽ മികച്ച ഭക്ഷണവും പഠനസൗകര്യവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. ലോക്‌ഡൗണിനുമുമ്പ്‌  രാത്രി 8.30വരെ അധ്യാപകരുൾപ്പെടെ ഹോസ്‌റ്റലിലെത്തി പ്രത്യേകം ക്ലാസെടുത്തിരുന്നു. പ്രിൻസിപ്പൽ ലീന,  സൂപ്രണ്ട്‌ കെ പി നന്ദിനി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top