26 April Friday

കാലംതെറ്റി മഴ, വൻകൃഷി നാശം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
തൃശൂർ
കാലം തെറ്റിയ കാറ്റിലും മഴയിലും വൻ കൃഷിനാശം. നെല്ല്, വാഴ, മാവ്, കാപ്പി കൃഷികൾക്ക് കനത്ത നാശമുണ്ടായി. ഡിസംബർ 31 മുതൽ ജനുവരി 13 വരെയാണ് അപ്രതീക്ഷിതമായി കനത്ത മഴ‌ പെയ്തിറങ്ങിയത്. ഇത് കാർഷിക മേഖലയാകെ തകർത്തു. 
കേരള കാർഷിക സർവകലാശാലയിലെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റും കാർഷിക കാലാവസ്ഥാ ശാസ്ത്ര വിഭാഗവും  മധ്യമേഖല, തെക്ക്‌, വടക്ക്‌, ഹൈറേഞ്ച്‌ എന്നിങ്ങനെ മേഖലകളിലായി  തിരിച്ച് നടത്തിയ പ്രാഥമികപഠനത്തിൽ വൻനാശമാണ് കണക്കാക്കിയിട്ടുള്ളത്. 
തൃശൂർ പൊന്നാനി കോൾനിലങ്ങളിലുൾപ്പെടെ നെൽകൃഷിക്ക് വൻ നാശമുണ്ടായി. മുണ്ടകൻ കൃഷി വിളവെടുപ്പ്‌ സമയത്തുണ്ടായ കനത്ത മഴ കർഷകരെ കണ്ണീരിലാഴ്‌ത്തി. പുഞ്ചകൃഷിയുടെ വിത്തും നശിച്ചു. കുമരകത്തും നെൽകൃഷി നശിച്ചു. പാലക്കാട്‌ മുതലമടയിൽ 10000 ഹെക്ടറിൽ മാവ് കൃഷിയെ ബാധിച്ചു. ഇവിടെ നേരത്തേ മാവ്‌ പൂക്കും. പൂത്തമാവിന്റെ പൂവും കായയുമെല്ലാം കൊഴിഞ്ഞു. മഴ പെയ്യുന്നതിനാൽ രോഗബാധയേറും.  കീടങ്ങൾക്ക് മരുന്ന് തളിച്ചാലും ഫലിക്കുന്നില്ല. സൂര്യപ്രകാശം ലഭിക്കാതെ മൂടിക്കെട്ടിനിൽക്കുന്ന അന്തരീക്ഷം മാങ്ങയുടെ വലുപ്പത്തെ ബാധിക്കുന്നു.
തെക്കൻ മേഖലകളിൽ തിരുവനന്തപുരത്ത്‌ വാഴ, പച്ചക്കറികൃഷി  വ്യാപകമായി നശിച്ചു. മഴയ്‌ക്കൊപ്പമുണ്ടായ കാറ്റിൽ വാഴത്തോട്ടങ്ങൾ നശിച്ചു.  
വയനാട്‌ ജില്ലയിൽ കാപ്പി കൃഷിക്ക് വൻ ദോഷം വരുത്തി. വിളവെടുത്ത കാപ്പിക്കുരു ഉണക്കാനാവാതെ ഫംഗസ്‌ വരികയാണ്‌. ഇതോടെ വൻ നഷ്ടമാണ്‌ സംഭവിക്കുന്നത്‌. മലപ്പുറം  ജില്ലയിലുൾപ്പെടെ കൊയ്ത്ത്  20 ദിവസംവരെ വൈകി. 
നെല്ല്  പാടത്ത്‌ വീണു. നെന്മണികൾ പാടത്ത്‌ കൊഴിഞ്ഞുവീണു. കൊയ്‌ത്തുയന്ത്രം ഉപയോഗിച്ച്‌ കൊയ്യാനാവാതെ  കർഷകർ കൈകൊണ്ട് കൊയ്യേണ്ടി വന്നു. ഇത് ചെലവ് വർധിപ്പിച്ചു. മഴയിൽ വൈക്കോൽ നനഞ്ഞതോടെ ഗുണം കുറഞ്ഞു. ഇതും വൻ നഷ്ടത്തിനിടയാക്കി.  കാറ്റിൽ വാഴകൾ വീണു. കുലകളുടെ വളർച്ചയും കുറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top