26 April Friday

ആഘോഷമാക്കി സിനിമാപ്രേമികൾ തിയറ്ററുകളിൽ ഇന്ന്‌ തിരശ്ശീല ഉയരും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

തിയറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി തൃശൂർ രാഗത്തിനുമുന്നിൽ ടിക്കറ്റ് ബുക്ക്ചെയ്യാനെത്തിയവരെ പൊലീസ് നിയന്ത്രിക്കുന്നു

 

തൃശൂർ
നീണ്ട ഇടവേളയ്‌ക്കുശേഷം സിനിമാശാലകളിൽ ബുധനാഴ്‌ചമുതൽ തിരശ്ശീല ഉയരും. കോവിഡ്‌ മഹാമാരി വ്യാപനത്തെത്തുടർന്ന്‌ പത്തുമാസമായി അടച്ചിട്ട തിയറ്ററുകളിലാണ് കാഴ്‌ചയുടെ പുതുലോകം തീർക്കുന്ന  സിനിമകൾ വീണ്ടും പ്രദർശനത്തിനെത്തുന്നത്‌. ആദ്യദിനത്തിൽ വിജയ്‌ നായകനാകുന്ന തമിഴ്‌ ചിത്രം ‘മാസ്‌റ്റർ’ ആണ്‌ വെള്ളിത്തിരയിലെത്തുന്നത്‌. തിയറ്ററുകളിലെ ആകെ സീറ്റുകളിൽ, പകുതിയിൽ മാത്രമേ ആളുകളെ ‌‌പ്രവേശിപ്പിക്കൂ.
മലയാള സിനിമാ വ്യവസായത്തിന്‌ സംസ്ഥാന സർക്കാർ പൂർണ പിന്തണയും  നികുതിയിളവുൾപ്പെടെ മറ്റു സഹായങ്ങളും അനുവദിച്ചതിനെത്തുടർന്നാണ്‌ തിയറ്ററുകൾ തുറക്കാൻ അവസരമൊരുങ്ങിയത്‌. പൂർണമായും കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ പ്രദർശനം. സമയക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒമ്പത്‌, പകൽ ഒന്ന്‌, വൈകിട്ട്‌ അഞ്ച്‌ എന്നിങ്ങനെ മൂന്ന്‌ ഷോകൾ മാത്രമേ ദിവസവും ഉണ്ടാകൂ. സെക്കൻഡ്‌ ഷോ ഉണ്ടാകില്ല.
നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 600 തിയറ്ററുകളിൽ 200 എണ്ണമാണ്‌ ആദ്യദിനങ്ങളിൽ പ്രദർശനത്തിന്‌ ഒരുങ്ങിയിട്ടുള്ളത്‌. ഈ തിയറ്ററുകളിൽ അറ്റകുറ്റപ്പണികളും അണുനശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തി. ‘മാസ്‌റ്റർ’തന്നെയാകും മിക്കവാറും തിയറ്ററുകളിൽ പ്രദർശിപ്പിക്കുക.  ജനുവരി 22ന്‌ ജയസൂര്യ നായകനായ ‘വെള്ള’വും തിയറ്ററുകളിലെത്തും. മമ്മൂട്ടി നായകനായുള്ള ‘പ്രീസ്‌റ്റും’ അധികം വൈകാതെ പ്രദർശനത്തിനെത്തും. 
മാസങ്ങളുടെ ഇടവേളയ്‌ക്കുശേഷം, വീണ്ടും സിനിമാ പ്രദർശനത്തിന്‌ അവസരം ലഭിച്ചത്‌ ആഘോഷമാക്കി വിവിധ താരങ്ങളുടെ  ഫാൻസ്‌ അസോസിയേഷനുകളും രണ്ടു ദിവസമായി സജീവമായി രംഗത്തുണ്ട്‌. വിജയ്‌ ഫാൻസ്‌ താരത്തിന്റെ കട്ടൗട്ടുകളും മറ്റും പോസ്‌റ്ററുകളും പൂമാലയിട്ട്‌ സ്ഥാപിച്ചുകഴിഞ്ഞു. നഗരഗ്രാമവ്യത്യാസമെന്യേയുള്ള സിനിമാശാലകളിൽ ആദ്യപ്രദർശനം കാണാനുള്ള ഒരുക്കത്തിലാണ്‌ സിനിമാപ്രേമികൾ. എല്ലായിടത്തും സാനിറ്റൈസറും മാസ്‌ക്കും ഉറപ്പാക്കാനും, തിരക്ക്‌ നിയന്ത്രിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന്‌ തിയറ്ററുടമകൾ പറഞ്ഞു. തൃശൂർ നഗരത്തിലെ രാഗം, ജോസ്‌, രാമദാസ്‌ തുടങ്ങീ ഡോൾബി തിയറ്ററുകളും പ്രദർശനത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. പ്രദർശനത്തലേന്നുതന്നെ നൂറുകണക്കിന്‌ ചലച്ചിത്രപ്രേമികൾ ടിക്കറ്റെടുക്കാനുള്ള സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ചോദിച്ച്‌ മനസ്സിലാക്കാൻ തിയറ്ററുകളിലെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top