08 May Wednesday

ഗുണ്ടകളെ അമർച്ച ചെയ്യാൻ
കർക്കശ നടപടിയുമായി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

തൃശൂരിൽ പിടികൂടിയ ക്രിമിനലുകളെ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ എസിപി സജീവ്‌ ചോദ്യം ചെയ്യുന്നു

 തൃശൂർ

ജില്ലയിലെ ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യാൻ കർക്കശ നടപടിയുമായി പൊലീസ്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ആഗ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 150 പേരെ അറസ്റ്റ് ചെയ്തു. അറസ്‌റ്റിലായവരിൽ  12 പേർ പിടികിട്ടാപ്പുള്ളികളാണ്. സ്ഥിരം ക്രിമിനലുകളായ 92 പേരെ അറസ്റ്റ് ചെയ്തു. പ്രദേശങ്ങളിൽ അക്രമം നടത്താതിരിക്കാനുള്ള മുൻ കരുതലിന്റെ ഭാഗമായി  ക്രിമിനലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുണ്ട്‌. ജാമ്യമില്ലാകുറ്റം ചുമത്തി നിരവധി കേസുകളിൽ ഉൾപ്പെട്ട്‌ ഒളിവിൽ കഴിഞ്ഞിരുന്ന 46പേരും പിടിയിലായവരിൽ ഉണ്ട്‌. 
 ഡിവൈഎസ്‌പിമാരായ ബി സന്തോഷ്, സി ആർ സന്തോഷ്, ബാബു കെ തോമസ്, സലീഷ് എൻ ശങ്കരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സിറ്റി പൊലീസിന്റെ 
വലയിൽ കുടുങ്ങിയത്‌ 127 ഗുണ്ടകൾ
സാമൂഹ്യവിരുദ്ധരെ അമർച്ചചെയ്യാൻ സിറ്റി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 127 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221  കേന്ദ്രങ്ങളിലാണ് പൊലീസ്‌ പരിശോധന നടത്തിയത്. 
മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ, പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവർ,  ക്രമസമാധാന ലംഘനം സൃഷ്ടിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും മയക്കുമരുന്ന് വിൽപ്പനക്കാരും ഗുണ്ടകളും തമ്പടിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.  
സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ തൃശൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം അസി. കമീഷണർമാർ ചേർന്ന്‌ വാഹനങ്ങൾ, ഹോട്ടലുകൾ, ബാറുകൾ, രഹസ്യകേന്ദ്രങ്ങൾ, സ്ഫോടക വസ്തു ശേഖരയിടങ്ങൾ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്. ശനിയാഴ്‌ച  രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട പത്തുപേരെയും കോടതിയിൽനിന്ന്‌ ജാമ്യമെടുത്ത് ഒളിവിലായിരുന്ന 48 വാറണ്ട് പ്രതികളേയും പിടികൂടി. തൃശൂർ സിറ്റി പൊലീസ് പരിധിയിലെ 20 പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ റെയ്ഡിന് അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമസമാധാന ലംഘനം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top