26 April Friday

കാലാവസ്ഥ ചതിച്ചു: വള്ളക്കാർ കടലിൽ പോയില്ല

പി വി ബിമൽകുമാർUpdated: Tuesday Aug 4, 2020
 
കൊടുങ്ങല്ലൂർ
അഴീക്കോട് ഹാർബറിൽനിന്ന് വള്ളക്കാർ കടലിൽ പോയില്ല. കാറും കോളുമുള്ള കാലാവസ്ഥയാണ് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ദിവസങ്ങളോളം അടച്ചിട്ട ഹാർബർ തിങ്കളാഴ്ചയാണ് തുറന്നത്. അതിരാവിലെ തന്നെ മത്സ്യബന്ധന തൊഴിലാളികൾ ഹാർബറിലെത്തിയെങ്കിലും മഴയും  കാറ്റും കടലേറ്റവും മൂലം കടലിൽ പോകേെണ്ടന്ന് ഇവർ തീരുമാനിക്കുകയായിരുന്നു 
 കഴിഞ്ഞ മാസം 21നാണ് ഹാർബർ അടച്ചത്. അന്നുമുതൽ വള്ളങ്ങൾ കടലിൽ പോയിരുന്നില്ല. ഇത്തവണ ട്രോളിങ് നിരോധനം നിലവിൽ വന്ന നാൾ മുതൽ പരമ്പരാഗതവള്ളങ്ങൾക്ക് ഏറെനാൾ മീൻ പിടിക്കാൻ പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ടുവട്ടമാണ് കടലാക്രമണമുണ്ടായത്. 14 ദിവസത്തോളമാണ് ഇതുമൂലം കടലിൽപോക്ക് മുടങ്ങിയത്. 
അയൽ ജില്ലാ പ്രദേശങ്ങളായ മുനമ്പം, ആലുവ, പറവൂർ തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ്‌ സോണായതോടെ ഇവിടങ്ങളിലെ വള്ളക്കാർ മീനുമായി അഴീക്കോട് ഹാർബറിലെത്താൻ തുടങ്ങി. കർശനനിയന്ത്രണങ്ങളോടെ പ്രവർത്തിച്ചിരുന്ന ഹാർബർ ഇതോടെ അടച്ചു പൂട്ടുകയായിരുന്നു. പിന്നീട് മത്സ്യമേഖലയിൽ നിന്നുള്ള നൂറുപേരെ ആന്റിജൻ ടെസ്റ്റ് നടത്തി. എല്ലാം നെഗറ്റീവായതോടെയാണ് തിങ്കളാഴ്ച ഹാർബർ തുറന്നത്. കടലാക്രമണവും ഹാർബർ അടച്ചുപൂട്ടലുമായി ഒരു മാസമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലിൽ പോക്ക് മുടങ്ങിയത്. 
തിങ്കളാഴ്ച നിയന്ത്രണങ്ങളോടെ ഹാർബർ തുറന്നപ്പോൾ വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഹാർബറിലെത്തിയത്. ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും അതിശക്തമായ മഴയും പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കടലിൽ പോയി മീൻ പിടിക്കാൻ എന്ന് കഴിയുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.അതേ സമയം ട്രോളിങ് അവസാനിച്ചശേഷം ബുധനാഴ്ച മുതൽ ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. ബോട്ടിലെ തൊഴിലാളികളിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരിൽ കുറച്ചുപേർ മാത്രമാണ് തിരിച്ചെത്തിയത്‌. 
മുനമ്പം ഹാർബറിൽ നിന്ന് ബോട്ടിൽ കടലിൽ പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൂടി കോവിഡ് ബാധിച്ചതോടെ മത്സ്യമേഖല കൂടുതൽ പ്രതിസന്ധിയിലായി. 700 ബോട്ടുകളാണ് മുനമ്പത്തുനിന്ന് കടലിൽ പോകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top