27 April Saturday

നവോത്ഥാനകാലത്തെ സ്ത്രീശബ്ദങ്ങളെ കണ്ടെത്തണം, കെ സച്ചിദാനന്ദന്‍

സ്വന്തം ലേഖികUpdated: Sunday Jul 3, 2022

സമം' പദ്ധതിയുടെ ഭാഗമായി സാഹിത്യ അക്കാദമി സംഘടിപ്പിച്ച സംവാദം അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
നവോത്ഥാനകാലത്തെ സ്ത്രീ ശബ്ദങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. കേരള സാംസ്‌കാരിക വകുപ്പ്‌ സ്‌ത്രീസമത്വത്തിനായി സാംസ്‌കാരികമുന്നേറ്റം ലക്ഷ്യമിട്ട്‌ ആരംഭിച്ച "സമം' പദ്ധതിയുടെ ഭാഗമായി സാഹിത്യ അക്കാദമി സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തെക്കുറിച്ച് പഠിക്കുമ്പോൾ ബോധപൂർവമായി സ്ത്രീകളെ അവഗണിച്ച ചരിത്രമാണുള്ളത്.   സ്ത്രീ സാഹിത്യത്തിന്റെ പാരമ്പര്യം പോലും സമീപകാലത്താണ് കണ്ടെത്തിയത്‌. സാഹിത്യത്തിൽ പുനർവായന നടത്തുമ്പോൾ മനഃപൂർവമായി  വിസ്മരിക്കപ്പെട്ട സ്ത്രീ ചരിത്രങ്ങളുണ്ട്. ഓരോ സമരങ്ങൾക്കും ഉപയോഗിക്കേണ്ടിവരുന്ന സമീപനങ്ങളും ദർശനങ്ങളും വ്യത്യാസപ്പെടുമെങ്കിലും ആത്യന്തികമായി ഈ സമരങ്ങളെല്ലാം   ജനാധിപത്യത്തിന് വേണ്ടിയുള്ളതാണ്.  സ്ത്രീക്കും പുരുഷനും ഒപ്പം തന്നെ എൽജിബിടിക്യു വിഭാഗത്തെ കൂടി കണക്കിലെടുക്കുമ്പോൾ ആണ് സമം എന്ന ആശയം യാഥാർഥ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.   എഴുത്തുകാരി എസ് ശാരദക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാർ, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, നിർവാഹകസമിതിയംഗം വി എസ് ബിന്ദു എന്നിവർ സംസാരിച്ചു.  സെമിനാറില്‍ ഡോ. കെ പി മോഹനന്‍ അധ്യക്ഷനായി.  ഡോ.എം എ സിദ്ദിഖ് (സ്ത്രീശാക്തീകരണത്തിന്റെ അവതരണശൈലികള്‍ സാഹിത്യത്തില്‍), സോണിയ ഇ പ (ഫെമിനിസത്തിന് കൈവരേണ്ട പുതിയ മുഖങ്ങള്‍), അഡ്വ. ആശ ഉണ്ണിത്താന്‍ (സ്ത്രീശാക്തീകരണവും ഇന്ത്യന്‍ നിയമവ്യവസ്ഥയും), ശീതള്‍ ശ്യാം (സമത്തിനപ്പുറം: എല്‍ജിബിടിക്യു പ്രശ്‌നങ്ങള്‍) എന്നി വിഷയങ്ങൾ അവതരിപ്പിച്ചു. വിജയരാജ മല്ലിക, സി ടി സബിത എന്നിവർ സംസാരിച്ചു. രംഗചേതനയുടെ "സ്വതന്ത്ര' നാടകവും അരങ്ങേറി‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top