09 May Thursday

നിലയ്ക്കാത്ത തന്ത്രിയിൽ കരുതലായി ഈണം

സി എ പ്രേമചന്ദ്രൻUpdated: Monday Aug 2, 2021

ബാലഭാസ്കറിന്റെ ഓർമയ്ക്കായി സഹപ്രവർത്തകർ ഒരുക്കിയ ഫ്യുഷൻ സംഗീതം

തൃശൂർ
ബാലഭാസ്കറിന്റെ പ്രിയകൂട്ടുകാർ സംഗീതവിസ്‌ഫോടനം തീർക്കുകയാണ്‌. മഹാമാരിയെത്ര തടഞ്ഞാലും നിലക്കില്ലീ തന്ത്രികൾ. വരളില്ല നാവുകൾ. പെരുമഴപോൽ പെയ്‌തിറങ്ങുന്ന  ഫ്യൂഷൻ സംഗീതം  കരുതലിന്റെയും കൈകോർക്കലിന്റെയും ഈണവും  പ്രിയകൂട്ടുകാരനുള്ള   സ്‌നേഹസ്‌മരണയുമാണ്‌.  സ്‌റ്റേജ്‌ കലാകാരന്മാരുടെ സംഘടനയായ കേരള ആർടിസ്‌റ്റ്‌ ഫെറ്റേർണിറ്റി ഓൺലൈൻ വഴി കലാകാരന്മാർക്ക്‌ അതിജീവനത്തിന്റെ സംഗീതവിരുന്നുകൾ ഒരുക്കുകയാണ്‌. 
  ഞായറാഴ്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമയ്ക്കായ് ഫ്യൂഷൻ സംഗീതമാണ്‌ ഒരുക്കിയത്‌. ചിയ്യാരം  ചേതന സ്‌റ്റുഡിയോവിലായിരുന്നു ചിത്രീകരണം.   കാഫ് ഓൺലൈൻ ഫെസ്റ്റ്  ഫേസ്ബുക്ക് ലൈവ് ഇപി- 17ലൂടെ ലോകമാകെ പടർന്നു.   ബാലഭാസ്കറിന് പകരം ബാലു മാന്ത്രിക സംഗീതം ഒരുക്കി.  ബാലഭാസ്കറിന്റെ  ബിഗ്‌ബാൻഡ്‌‌  അംഗങ്ങളായ രജിത്ത് ജോർജ്‌ കീബോർഡും  അഭിജിത്ത് ലീഡ്‌ ഗിത്താറും വില്ല്യം ബേസ്‌ ഗിത്താറും, പാച്ചു പെർക്യുഷനും, ഷിബു സാമുവേൽ അക്കൗസ്‌റ്റിക്‌ ഡ്രംസും വായിച്ചു. കലാകാരന്മാരുടെ വീണ്ടെടുപ്പിന്‌ വേണ്ടി ഇവർ  വേതനമില്ലാതെയാണ്‌ ഫ്യൂഷൻ അവതരിപ്പിച്ചത്‌. കൂടാതെ 50,000 രൂപ സംഭാവനയായും നൽകി.  
കോവിഡ്‌ കാലത്ത്‌ ദുരിതത്തിലായ കലാകാരന്മാരെ സഹായിക്കാനാണ്‌  കാഫ്‌ മ്യൂസിക്‌ ഫെസ്‌റ്റുകൾ ഒരുക്കുന്നത്‌.  ക്വിസ്‌ മത്സരവും നടത്തുന്നുണ്ട്‌.   സ്‌റ്റീഫൻ ദേവസി പ്രസിഡന്റും കരുണാ മൂർത്തി സെക്രട്ടറിയും എം ഡി പോൾ ട്രഷററുമായുള്ള കമ്മിറ്റിയാണ്‌  കാഫ്‌ നേതൃത്വം. ജില്ലാ, മേഖലാ തലങ്ങളിൽ കമ്മിറ്റികളുണ്ട്‌.  വരുമാനം കലാകാരന്മാർക്ക്‌ ചികിത്സാ ചെലവിനായും കുടുംബങ്ങൾക്ക്‌ മരണാനന്തര സഹായമായും  നൽകുന്നു.   പ്രശസ്‌തർ അണിനിരക്കുന്ന സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്‌.  ഒന്നര വർഷത്തിനകം 50 ലക്ഷം രൂപ വിതരണം ചെയ്യാനായിട്ടുണ്ട്‌.   മുഖപേജിലും യൂട്യൂബിലുമായി ലോകമെമ്പാടും  40000ത്തോളം പേർ പരിപാടികൾ കാണുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top