26 April Friday

കിരീടം പാലം മാതൃകാവിനോദസഞ്ചാര കേന്ദ്രമാക്കും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കിരീടംപാലത്തിൽ മോഹൻലാലും ശ്രീനാഥും (സിനിമയിൽ നിന്ന്)

തിരുവനന്തപുരം
സിബി മലയിലിന്റെ കിരീടം സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ‘കിരീടം പാലം’ ഇനി മാതൃകാ വിനോദസഞ്ചാര കേന്ദ്രം. ലോക ടൂറിസം ദിനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ്‌ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ വിനോദസഞ്ചാര പദ്ധതി അറിയിച്ചത്‌.  
സിനിമയിലെ പല സുപ്രധാന സീനുകളും ചിത്രീകരിച്ചത്‌ ഈ പാലത്തിലായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളായ സേതുമാധവന്റെയും ദേവിയുടെയും പ്രണയരംഗങ്ങളും അടുത്ത കൂട്ടുകാരനായ കേശുവുമായുള്ള സംഭാഷണമെല്ലാം ‘തിലകൻ പാല’ ത്തിലാണ്‌ ചിത്രീകരിച്ചത്‌.
 
‘പാലം സ്ഥിതി ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി അടക്കമുള്ള തടാക പ്രദേശത്തെ മാതൃകാവിനോദ സഞ്ചാരകേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും’ മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 
 
കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്താനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. ലോക ടൂറിസം ദിനത്തിൽ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top