26 April Friday

മനസ് തൊട്ട‍്

മിൽജിത്‌ രവീന്ദ്രൻUpdated: Friday Feb 26, 2021

ആര്യനാട്ടെ സ്വീകരണയോഗത്തിൽ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വത്തെ ഹാരം അണിയിച്ചു സ്വീകരിക്കുന്നു. ജി ആർ അനിൽ,
വി കെ മധു , കെ എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം

തിരുവനന്തപുരം

ദുരിതങ്ങളിൽ താങ്ങായും ദുരന്തങ്ങളിൽ തണലായുംനിന്ന സർക്കാരിനോടുള്ള കരുതൽ. ഗ്രാമ നഗര വ്യത്യാസമില്ലാതെ വികസനത്തിന്റെ പുതുവെളിച്ചമെത്തിച്ച സർക്കാരിനുള്ള അഭിനന്ദനം. അസാധ്യമെന്ന്‌ കരുതിയത്‌ സാധ്യമാക്കിയ നിശ്‌ചയദാർഢ്യത്തിനുള്ള നന്ദി. എൽഡിഎഫ്‌ തെക്കൻ മേഖലാ ജാഥയെ വരവേൽക്കാനെത്തിയ ജനസഹസ്രങ്ങൾ ഉള്ളിലെ വികാരം മറച്ചുവയ്‌ക്കുന്നില്ല–- ഈ സർക്കാർ തുടരണം–- നവകേരളത്തിലേക്ക്‌ നാടിനെ നയിക്കണം. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ജനഹൃദയം കീഴടക്കിയാണ്‌ തലസ്ഥാന ജില്ല്ലയിലെ രണ്ടാംദിന പര്യടനം പൂർത്തിയാക്കിയത്‌.

ആദ്യ സ്വീകരണം
 ശ്രീകാര്യത്ത്‌

എൽഡിഎഫ്‌ ഭരണത്തിനുകീഴിൽ വികസനത്തിന്റെ പുതുവഴികൾ തുറന്ന കഴക്കൂട്ടം മണ്ഡലത്തിലെ ശ്രീകാര്യത്തായിരുന്നു വ്യാഴാഴ്‌ചത്തെ ആദ്യ സ്വീകരണം. ലോകത്തോളം വളർന്ന ഈ ഐടി നഗരം ഒറ്റ മനസ്സോടെയാണ്‌ ജാഥയെ വരവേറ്റത്‌. ജനപ്രവാഹം കൂടിയായതോടെ ശ്രീകാര്യം ജങ്‌ഷൻ മിനിറ്റുകൾ നിശ്‌ചലമായി. ചെങ്കടലിലൂടെ ജാഥാ ക്യാപ്‌റ്റനെ തുറന്ന വാഹനത്തിൽ വേദിയിലെത്തിക്കാൻ സംഘാടകർ ഏറെ പ്രയാസപ്പെട്ടു. മയിലാട്ടവും തെയ്യവും കേരളീയ വസ്‌ത്രം അണിഞ്ഞ്‌ മുത്തുക്കുടയേന്തിയ വനിതകളും ചെണ്ട, ബാൻഡ്‌ മേളങ്ങളും അകമ്പടിയായി. സ്വീകരണയോഗത്തിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി ശ്രീകാര്യം അനിൽ സ്വാഗതവും എൽഡിഎഫ്‌ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു നന്ദിയും പറഞ്ഞു.

കല്ലറയിൽ 
ആയിരങ്ങൾ

കർഷക–-തൊഴിലാളി പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന കല്ലറയുടെ മണ്ണിലായിരുന്നു വാമനപുരം മണ്ഡലത്തിലെ സ്വീകരണം ഒരുക്കിയത്‌. പൊള്ളുന്ന വെയിലിനെ അവഗണിച്ച്‌ ആയിരങ്ങളാണ്‌ കല്ലറ ബസ്‌സ്‌റ്റാൻഡിലെ സ്വീകരണസ്ഥലത്ത്‌ ജാഥയെ സ്വീകരിക്കാൻ കാത്തുനിന്നത്‌. എൽഡിഎഫ്‌ സർക്കാരിനുകീഴിൽ വികസനത്തിന്റെ പുതിയചരിത്രം കുറിച്ച മണ്ഡലം വികസന തുടർച്ചയാണ്‌‌ തുടർഭരണത്തിലൂടെ സ്വപ്‌നം കാണുന്നത്‌. അതിനുള്ള ഉറച്ച തയ്യാറെടുപ്പുമായാണ്‌ കർഷകരും തൊഴിലാളികളും യുവതീയുവാക്കളും അടങ്ങുന്ന ആയിരങ്ങൾ ജാഥയെ വരവേൽക്കാനെത്തിയത്‌. സ്വീകരണയോഗത്തിൽ സിപിഐ നേതാവ്‌ പി എസ്‌ ഷൗക്കത്ത്‌ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വാഗതവും സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലീം നന്ദിയും പറഞ്ഞു. 

നെടുമങ്ങാട്ട്‌ 
വികാരഭരിതം

 നെടുമങ്ങാടിന്റെ ചുവന്ന മണ്ണ്‌ വികാരഭരിതമായാണ്‌ ജാഥയെ വരവേറ്റത്‌. കർഷക സമൃദ്ധി യാഥാർഥ്യമാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണ വഴിക്ക്‌ കരുത്തുപകർന്നാണ്‌ വിവിധ മേഖലകളിൽനിന്നുള്ള ജനക്കൂട്ടം നെടുമങ്ങാട്ടേ‌ക്ക്‌ ഒഴുകിയെത്തിയത്‌. നെടുമങ്ങാട്‌ ജങ്‌ഷനും പരിസരപ്രദേശങ്ങളും മണിക്കൂറുകളോളം ചെങ്കടലായി. ജാഥാ ക്യാപ്‌റ്റനെ തുറന്ന വാഹനത്തിൽ യോഗസ്ഥലത്തേക്ക്‌ ആനയിക്കുമ്പോൾ കഥകളി അടക്കമുള്ള കലാരൂപങ്ങളും മുത്തുക്കുടയേന്തിയ വനിതകളും ഇരുചക്രവാഹന റാലിയും അകമ്പടിയായി. സ്വീകരണയോഗത്തിൽ സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം നെടുമങ്ങാട്‌ ഏരിയ സെക്രട്ടറി ആർ ജയദേവൻ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി എസ്‌ ഷെരീഫ്‌ നന്ദിപറഞ്ഞു .   

അരുവിക്കരയിൽ മാറ്റം 
ആഗ്രഹിച്ച്‌ ജനം

മാറാനുറച്ച മനസ്സുമായാണ്‌ അരുവിക്കര മണ്ഡലത്തിലെ ആര്യനാട്ടേക്ക്‌ ജനം ഒഴുകിയെത്തിയത്‌. നാടാകെ എൽഡിഎഫ്‌ സർക്കാരിനുകീഴിൽ വികസനത്തിന്റെ പുതുവെളിച്ചം നിറയുമ്പോൾ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ തന്നെയാണ് ഈ നാട്‌ ചർച്ച ചെയ്യുന്നത്‌. സ്വന്തം നാടിന്റെ ഭാവി വികസന സ്വപ്‌നങ്ങൾക്ക്‌ നിറംപകരാൻ മാറ്റം ആഗ്രഹിക്കുന്ന ജനതയുടെ മനസ്സാണ്‌ അരുവിക്കരയിലെ സ്വീകരണസ്ഥലത്ത്‌ ദർശിക്കാനായത്‌. ജാഥ വരുന്ന വഴിവക്കിലുടനീളം സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന ‌ 

ജനക്കൂട്ടം കാത്തുനിന്നു. ജാഥാംഗങ്ങൾ സഞ്ചരിച്ച വാഹനങ്ങളിലേക്ക്‌ അവരിൽ ചിലർ പൂക്കൾ വിതറി. വേദിയുടെ ഒരു കിലോമീറ്ററോളം അകലെ ജാഥയെ സ്വീകരിക്കാൻ സ്‌ത്രീകളടക്കം കാത്തുനിന്നു. അവിടെനിന്ന്‌ തുറന്ന വാഹനത്തിൽ ജാഥാ ക്യാപ്‌റ്റനെ വേദിയിലേക്ക്‌ ആനയിച്ചു. സ്വീകരണ യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി‌ എം എസ്‌ റഷീദ്‌ അധ്യക്ഷനായി. സിപിഐ എം‌ മണ്ഡലം സെക്രട്ടറി കെ എസ്‌ സുനിൽകുമാർ സ്വാഗതം പറഞ്ഞു. വി വിജുമോഹൻ നന്ദി പറഞ്ഞു.   

മലയിൻകീഴിൽ സ്‌ത്രീകളുടെ
 വലിയനിര

കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴായിരുന്നു വ്യാഴാഴ്‌ചത്തെ അവസാന സ്വീകരണം. ഗ്രാമീണ വികസനത്തിന്റെ പുതുചരിത്രമെഴുതി രാജ്യശ്രദ്ധയാകർഷിച്ച കാട്ടാക്കടയുടെ മനസ്സ്‌ അടിയുറച്ച്‌ ‌ ഇടതുപക്ഷത്തിനൊപ്പം എന്ന്‌ വിളിച്ചുപറയുകയായിരുന്നു മലയിൻകീഴിൽ ഒഴുകിയെത്തിയ ജനക്കൂട്ടമൊന്നാകെ. രാത്രി ഏഴോടെയാണ്‌ ജാഥ മലയിൻകീഴെത്തിയതെങ്കിലും വൈകിട്ട്‌ അഞ്ചുമുതൽ തന്നെ മലയിൻകീഴ്‌ ജങ്‌ഷൻ ജനങ്ങളെക്കൊണ്ട്‌ തിങ്ങിനിറഞ്ഞിരുന്നു. ആവേശോജ്വലമായ വരവേൽപ്പാണ്‌ ജാഥയ്‌ക്ക്‌ ലഭിച്ചത്‌. സ്‌ത്രീകളുടെ വലിയ നിരതന്നെ യോഗം അവസാനിക്കുന്നതുവരെ കാത്തുനിന്നു. യോഗത്തിൽ ഐ ബി സതീഷ്‌ എംഎൽഎ അധ്യക്ഷനായി.എൽഡിഎഫ്‌ മണ്ഡലം കൺവീനർ വിളപ്പിൽ രാധാകൃഷ്‌ണൻ സ്വാഗതവും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എം ബഷീർ നന്ദിയും പറഞ്ഞു.

സ്വീകരണ വേദികളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ അംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ്‌ ചാഴിക്കാടൻ എംപി, സാബു ജോർജ്‌, വർക്കല ബി രവികുമാർ, മാത്യൂസ്‌ കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്‌, ഷാജി കടമല, ജോർജ്‌ അഗസ്‌റ്റിൻ എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top