26 April Friday

ഈ പച്ചക്കുപ്പായക്കാർ ഒരുക്കും 
സ്‌നേഹക്കിറ്റുകൾ

ആൻസ് ട്രീസ ജോസഫ്Updated: Wednesday Jan 25, 2023

കരിമഠം കോളനിയിലെ ഹരിതകർമസേനാംഗങ്ങൾ കിറ്റ് തയ്യാറാക്കുന്നു

തിരുവനന്തപുരം
പ്ലാസ്‌റ്റിക്‌ കൂനയിൽ നിന്ന്‌ കിട്ടിയ അഞ്ചു ലക്ഷം രൂപ ഉടമയെ തിരിച്ചേൽപ്പിച്ച ഹരിതകർമസേനാംഗങ്ങളുടെ മാതൃകാപ്രവർത്തനം കേരളം വായിച്ചറിഞ്ഞതാണ്‌. എന്നാലിങ്ങ്‌ തലസ്ഥാനത്തെ മണക്കാട്‌ വാർഡിൽ വയറെരിയുന്നവർക്ക്‌ അന്നമൂട്ടുകയാണ്‌ ഒരുകൂട്ടം പച്ചക്കുപ്പായക്കാർ. 60 വയസുകഴിഞ്ഞ ഒറ്റപ്പെട്ട താമസിക്കുന്നവർക്കും രോഗികൾക്കും അവശ്യസാധനങ്ങളടങ്ങിയ കിറ്റെത്തിക്കുകയാണ്‌ 16 അംഗ ഹരിതകർമസേനാ സംഘം. 
കോവിഡ് മഹാമാരി  കാലത്ത് വീടിന്‌ പുറത്തിറങ്ങാൻ കഴിയാതിരുന്നവർക്ക്‌ കരിമഠത്തെ സ്ത്രീകൾ ചാലയിലെ വ്യാപാരികളുടെ സഹകരണത്തോടെ കിറ്റ് വിതരണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്‌ അശരണർക്ക്‌ കൈത്താങ്ങുമായി സേനാംഗങ്ങൾ എത്തുന്നത്‌. ആറുമാസം മുമ്പാണ്‌ പദ്ധതി ആരംഭിച്ചത്‌. രണ്ട്‌ മാസമായി മണക്കാട് വാർഡിലെ ഭൂരിഭാഗം വീടുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. 
‘‘ശമ്പളത്തിൽ നിന്ന്‌ മാറ്റിവയ്ക്കുന്ന 1000 രൂപയാണ് കിറ്റിനുവേണ്ടി ചെലവഴിക്കുന്നത്. അരിപ്പൊടിയും സോപ്പും പോലെയുള്ള അവശ്യസാധനങ്ങൾ വാങ്ങി കിറ്റിലാക്കി അർഹതപ്പെട്ടവരുടെ വീടുകളിലെത്തിക്കും. 15 കുടുംബങ്ങൾക്കാണിപ്പോൾ കിറ്റെത്തിക്കുന്നത്, വരുമാനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് കിറ്റുകളെത്തിക്കും’’ പറയുന്നത്‌ 72–-ാം വയസിലും ഹരിതകർമസേനയുടെ പ്രവർത്തനങ്ങളിൽ സജീവമായ ബേബിയമ്മയാണ്‌. ബേബിയമ്മയെപ്പൊലെയുള്ള 16 സ്‌ത്രീകളുടെ അധ്വാനത്തിന്റെ ഒരു വിഹിതമാണീ സ്‌നേഹ കിറ്റുകൾ. മാസശമ്പളത്തിൽ നിന്ന്  പ്രഥമ പരിഗണന നൽകിയാണിവർ കിറ്റ് നൽകുന്നത്‌. 
‘‘കരിമഠം കോളനിയിലെ ദാരിദ്ര്യമേറിയ കുട്ടിക്കാലമാണ് ഇത്തരമൊരു പ്രവർത്തനത്തിലേക്കെത്തിച്ചത്‌. ഭക്ഷണം കഴിക്കാൻ പോലും അവസ്ഥയില്ലായിരുന്നു. പണിയെടുത്ത് കിട്ടുന്ന അഞ്ചുരൂപയ്ക്കായിരുന്നു എന്റമ്മ വീട് നോക്കിയിരുന്നത്. ഒറ്റമഴയിൽ വീടിനകത്തേക്ക് വെള്ളം കയറുന്ന അവസ്ഥയിൽ നിന്ന് ഈ കാണുന്ന അടച്ചുറപ്പുള്ള വീട്ടിലേക്ക് എത്തിച്ചത് ഞങ്ങളുടെ സർക്കാരാണ്. ജോലിതന്നതും എൽഡിഎഫ്‌ സർക്കാരും കുടുംബശ്രീയുമാണ്. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമായി വരുമാനമുണ്ട്. ഞങ്ങളുടെ കൂട്ടത്തിലൊരാളും പട്ടിണിക്കിടക്കരുതെന്ന ആഗ്രഹത്തിൽ നിന്ന്‌ ആരംഭിച്ച പദ്ധതിയാണിത്‌. ’’ മറ്റൊരംഗമായ അശ്വതി പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top