28 April Sunday
പൂജവയ്‌‌പ് ചടങ്ങ്‌ നടന്നു

കുരുന്നുകൾ നാളെ 
ആദ്യക്ഷരം കുറിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
തിരുവനന്തപുരം
സംസ്ഥാനത്തുടനീളം വീടുകളിലും ആരാധനാലയങ്ങളിലുമായി പൂജവയ്‌‌പ്‌ ചടങ്ങുകൾ നടന്നു. വിദ്യാർഥികൾ പുസ്തകങ്ങളും മറ്റുള്ളവർ ആയുധങ്ങളും പൂജവച്ചു. വിജയദശമി ദിനമായ ചൊവ്വാഴ്ചയാണ്‌ വിദ്യാരംഭം. ഇതോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. 
ചൊവ്വാഴ്ച പുലർച്ചെമുതൽ ആരാധനാലയങ്ങളിലും ഇതര സ്ഥാപനങ്ങളിലുമായി വിദ്യാരംഭ ചടങ്ങ്‌ ആരംഭിക്കും. എണ്ണൂറോളം കുട്ടികൾ നവരാത്രിമണ്ഡപത്തിലും രണ്ടായിരത്തോളംപേർ പൂജപ്പുര സരസ്വതിമണ്ഡപത്തിലും ആദ്യക്ഷരം എഴുതും.  
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും. പൂജപ്പുര മണ്ഡപം, ആര്യശാല, ചെന്തിട്ട ക്ഷേത്രങ്ങളിലെ തിരക്ക്‌ പരിഗണിച്ച്‌ പൊലീസ്‌ സുരക്ഷയൊരുക്കി. നവരാത്രിമണ്ഡപത്തിലും പൂജപ്പുര സരസ്വതി മണ്ഡപത്തിലുമായി ചൊവ്വാഴ്‌ച ആയിരത്തോളം കുട്ടികൾ ആദ്യക്ഷരം കുറിക്കും. ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിയമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവിക്ഷേത്രം, ഋഷിമംഗലം ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങ്‌ നടക്കും.
നഗരത്തിനു പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ഒരുക്കങ്ങൾ പൂർത്തിയായി.
തിരിച്ചെഴുന്നെള്ളിപ്പ്‌ 
വ്യാഴാഴ്ച
ചൊവ്വാഴ്ച പൂജയെടുപ്പിനുശേഷം നടക്കുന്ന  ചടങ്ങുകൾക്കുശേഷം വ്യാഴാഴ്ച നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രസ്ഥലമായ പത്മനാഭപുരത്തേക്ക് തിരിച്ചെഴുന്നെള്ളിക്കും. 
ചൊവ്വാഴ്ച രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്ക്കുശേഷം വിഗ്രഹങ്ങൾക്ക്‌ നല്ലിരുപ്പാണ്. വ്യാഴാഴ്ച രാവിലെ തിരിച്ചെഴുന്നെള്ളിപ്പ്‌ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top