26 April Friday
സർക്കാരിൽ പ്രതീക്ഷയർപ്പിച്ച്‌ തിയറ്റർ ഉടമകൾ

ആഘോഷം പടിയിറങ്ങി മാസങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

മാസങ്ങളായി അടഞ്ഞു കിടക്കുന്ന ന്യൂ തിയറ്ററിന്റെ ഗേറ്റിൽ ചെടി വളർന്ന നിലയിൽ ഫോട്ടോ: എ ആർ അരുൺരാജ്

തിരുവനന്തപുരം
തിയറ്ററുകളിൽ ആളനക്കം ഇല്ലാതായി മാസങ്ങൾ പിന്നിടുന്നു. സർക്കാരിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്‌ ജീവിതം വഴിമുട്ടിയ ഉടമകളും തൊഴിലാളികളും. എന്ന്‌ തിയറ്ററുകൾ തുറക്കാനാകുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ ഇവർ.  
 
കോവിഡ്‌ അക്ഷരാർഥത്തിൽ തിയറ്റർ വ്യവസായത്തെ തകർത്തുകളഞ്ഞു. ഉത്സവ സീസണുകളിൽ ഉൾപ്പെടെ അടഞ്ഞുകിടന്നത്‌ കോടികളുടെ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. 2020 മാർച്ചിൽ അടച്ച തിയറ്ററുകൾ 2021 ജനുവരിയിലാണ്‌ തുറന്നത്‌. കോവിഡ്‌ രൂക്ഷമായതോടെ ഏപ്രിലിൽ വീണ്ടും അടയ്‌ക്കേണ്ടി വന്നു. ദിവസക്കൂലിക്കാരായ നിരവധി തിയറ്റർ തൊഴിലാളികൾക്കാണ്‌ ഇക്കാലത്ത്‌ തൊഴിൽ നഷ്‌ടമായത്‌. പോസ്റ്റർ ഒട്ടിക്കുന്നവർക്കും വിതരണക്കാർക്കും ക്യാന്റീൻ നടത്തുന്നവർക്കും നഷ്‌ടമുണ്ടായി. 
 
 വലിയ വിഭാഗം തിയറ്റർ ഉടമകളും സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്‌. തിയറ്ററുകളിൽ മികച്ച സൗകര്യമൊരുക്കാനായി നിരവധിപേരാണ്‌ നവീകരിച്ചത്‌. ഇതിനായി ബാങ്കിൽനിന്ന്‌ വായ്‌പയെടുത്തു. തിരിച്ചടയ്ക്കാൻ വഴിയില്ലാതെ പലരും ബുദ്ധിമുട്ടുകയാണെന്ന്‌ കേരള സിനി എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഷാജി വിശ്വനാഥ്‌ പറഞ്ഞു.
 

അടച്ചിട്ടാലും ചെലവ്‌

 

തിയറ്ററുകൾ അടച്ചിട്ടാലും പ്രതിമാസം ഒന്നര ലക്ഷത്തിൽ അധികം രൂപയുടെ ചെലവുണ്ട്‌. ജനറേറ്ററും എസിയും പ്രൊജക്ടറുമെല്ലാം ഇടയ്ക്കിടെ പ്രവർത്തിപ്പിക്കണം. ശുചീകരണ തൊഴിലാളികൾക്കും പ്രൊജക്ടർ ഓപ്പറേറ്റർമാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും കൂലി നൽകണം. വൈദ്യുതി ചാർജും അടയ്‌ക്കണം. 
 

തിയറ്റർ തുറന്നാലും
പ്രതിസന്ധി 

 
തിയറ്റർ തുറന്നാലും കാത്തിരിക്കുന്നത്‌ പ്രതിസന്ധിയെന്ന്‌ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം അല്ലാതെ വലിയ സിനിമകൾ റിലീസിനില്ല. തിയറ്റർ റിലീസ്‌ ഉദ്ദേശിച്ചിരുന്ന വലിയ സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇറങ്ങി. ചെറിയ സിനിമകൾ വച്ച്‌ നഷ്‌ടം നികത്താനാകില്ല–- അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top