26 April Friday
വികസനച്ചിറകിൽ

ചിറയിന്‍കീഴിലും ആകാശപ്പാത

സ്വന്തം ലേഖകൻUpdated: Friday Jan 22, 2021
തിരുവനന്തപുരം 
ചിറയിൻകീഴിന്റെ സമഗ്രവികസനത്തിന് ആകാശത്തോളം ആവേശം നൽകി ചിറയിൻകീഴ് റെയിൽവേ മേൽപ്പാലവും യാഥാർഥ്യമാകുന്നു.  വലിയകടയിൽനിന്ന് ആരംഭിച്ച് പണ്ടകശാലയ്‌ക്കു സമീപംവരെ 800 മീറ്റർ മേൽപ്പാലത്തിന്റെ നിർമാണത്തിന്‌ ശനിയാഴ്‌ച പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിക്കും. തടസ്സരഹിത റോഡ് ശൃംഖല -ലെവൽക്രോസ് മുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മേൽപ്പാലത്തിന്റെ നിർമാണം. ഇതോടൊപ്പം വിവിധ ജില്ലകളിൽ ഒമ്പത്‌ മേൽപ്പാലങ്ങളുടെയും നിർമാണം ആരംഭിക്കുന്നുണ്ട്‌. 
ചിറയിൻകീഴ് –- -കടയ്ക്കാവൂർ റോഡിൽ റെയിൽവേ സ്റ്റേഷന്‌ സമീപ ഗേറ്റിന് മുകളിലൂടെയാണ് മേൽപ്പാലം കടന്നു പോകുന്നത്.  കിഫ്ബിയിൽ നിന്നും 25 കോടിയാണ് വകയിരുത്തിയത്‌. 20. 49 കോടി‌ക്കാണ്‌ ടെൻഡർ. ജനവാസം കൂടുതലുള്ള പ്രദേശമായതിനാൽ ചിറയിൻകീഴിൽ സ്ഥലം ഏറ്റെടുക്കലായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി.  നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 88 ഭൂഉടമകളിൽനിന്ന് 1.5 ഏക്കർ ഏറ്റെടുത്തു.  
എ ക്ലാസും ബി ക്ലാസുമായി തരംതിരിച്ചാണ് ഭൂമിയുടെ വില നിശ്ചയിച്ചത്. 13 കോടി ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. ഭൂമി വില ഉടമകൾക്ക് പൂർണമായും നൽകുകയും സ്ഥലം ഏറ്റെടുത്ത് പദ്ധതിക്കായി വിട്ടുനൽകുകയും ചെയ്തിട്ടുണ്ട്. റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന താലൂക്ക്, എക്സൈസ്, പഞ്ചായത്ത്, സബ് രജിസ്‌ട്രാർ ഓഫീസുകളുടെ ഭൂമിയും ഏറ്റെടുത്ത്‌ പൊതുമരാമത്തു വകുപ്പിന് കൈമാറിക്കഴിഞ്ഞു.  കലക്ടർ അംഗമായ കമ്മിറ്റിയാണ് സ്ഥലം ഏറ്റെടുക്കലിന് നേതൃത്വം നൽകിയത്.
എസ് പി എൽ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് മേൽപ്പാലത്തിന്റെ നിർമാണ ചുമതല. രൂപരേഖയനുസരിച്ച് പ്രീ-ഫാബ്രിക്കേറ്റഡ് നിർമാണരീതിയാണ് അവലംബിക്കുന്നത്.  വേഗത്തിൽ പണി പൂർത്തിയാക്കുന്നതിന് പൂർണമായും ഉരുക്കിലാണ് നിർമാണം. 
ആറുമാസത്തിനകം പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കും. നിർമാണോദ്‌ഘാടന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. മന്ത്രി ടി എം തോമസ് ഐസക്‌ മുഖ്യ അതിഥിയാകും. ഡെപ്യൂട്ടി സ്പീക്കർ വി  ശശി ശിലാഫലകം അനാച്ഛാദനം ചെയ്യും. പ്രദേശത്തെ ജനപ്രതിനിധികളും കലക്ടറും പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top