26 April Friday

ആ കുഞ്ഞുകരളിന് 
കാവലായത് ഇവർ

സ്വന്തം ലേഖകൻUpdated: Tuesday Apr 20, 2021
 
മംഗലപുരം
വെറും നാലുദിവസം മുമ്പ് മാത്രം ഈ ലോകത്തേക്കെത്തിയ കുഞ്ഞു ഹംദാ​ന്റെ കരളിന് കാവലാകാൻ സാധിച്ചതി​ന്റെ സന്തോഷത്തിലാണ് ഈ രണ്ട് യുവാക്കൾ. അതിനായി ഇവർ വെറും രണ്ടരമണിക്കൂറിൽ ഓടിത്തീർത്തത് 220 കിലോമീറ്റർ. കുഞ്ഞ് അപകടനില തരണംചെയ്തെന്ന അധികൃതരുടെ വാക്കുകൾതന്നെ ഇവരാ​ഗ്രഹിച്ച പുണ്യം. കണിയാപുരം സാന്ത്വനം കെയർ ആംബുലൻസ് ഡ്രൈവർ നന്ദകുമാറും സ്റ്റാഫ്‌നേഴ്സ് ആദർശുമാണ് ഇന്നത്തെ താരങ്ങൾ.
കല്ലമ്പലം സ്വദേശിയും ഐഎസ്ആർഒ സയ​ന്റിസ്റ്റുമായ മുഹമ്മദ് ബാസിം, ഡോ. ലുജിന അബ്ദുൾസലാം ദമ്പതികളുടെ മകനായ ഹംദാനാണ് ഗുരുതര കരൾരോഗം ബാധിച്ച് പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. ശനിയാഴ്ച രാവിലെ കുഞ്ഞിന് അമിത രക്തസ്രാവവും ശ്വാസതടസ്സവും ഉണ്ടായി. സ്ഥിതി ഗുരുതരമാണെന്നും പരമാവധി മൂന്നു മണിക്കൂറിനകം കൊച്ചി അമൃത ആശുപത്രിയിലെത്തിക്കണമെന്നുമായി ഡോക്ടർമാർ. തുലാസിലാടുന്ന സമയത്തെ പിടിച്ചുകെട്ടാനാകുമോ എന്നു ഭയന്ന പല ആംബുലൻസ് ഡ്രൈവർമാരും മടിച്ചു. അപ്പോഴാണ് നന്ദകുമാറും ആദർശും മുന്നോട്ട് വന്നത്. ഡോക്ടർമാർ പറഞ്ഞതിലും അരമണിക്കൂർ മുൻപേ 220 കിലോമീറ്റർ അവർ താണ്ടി. 
കേരള പൊലീസും ആംബുലൻസ് എമർജൻസി റെസ്പോൺസ് ടീം കേരളയും ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനും ഉയിരാണ് രക്ഷകൻ വാട്സാപ് കൂട്ടായ്മയും ചേർന്ന് ഇവർക്ക് വഴിയൊരുക്കി. അടിയന്തര ചികിത്സയ്ക്കുശേഷം കുഞ്ഞ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. അങ്ങനെ ആ ദൗത്യവും തീരമണഞ്ഞ സന്തോഷത്തിലാണ് പണിമൂല സ്വദേശികളായ നന്ദകുമാറും ആദർശും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top