28 April Sunday
ചിറയിൻകീഴ്‌ റെയിൽവേ മേൽപ്പാലം

നിർമാണം ഇഴയുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

റെയിൽവേ ഗേറ്റിന് ഇരുവശങ്ങളിലെയും തൂണുകൾ

ചിറയിൻകീഴ്
ചിറയിൻകീഴ്–- കടയ്‌ക്കാവൂർ റോഡുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം നിർമാണം ഇഴയുന്നതായി പരാതി. കഴിഞ്ഞ ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പകുതിമാത്രമാണ് പൂർത്തിയായത്. റെയിൽവേ സ്റ്റേഷനു സമീപത്തെ 
റെയിൽവേ ഗേറ്റിന്‌ ഇരുവശങ്ങളിലുമുള്ള നിർമാണമാണ്‌ വൈകുന്നത്‌. എട്ട് കോൺക്രീറ്റ് തൂണുകളുടെ നിർമാണമാണ് ഇഴയുന്നത്. റെയിൽവേയുടെ കരാർ കമ്പനിക്കാണ് നിർമാണച്ചുമതല. 25 അടിയോളം ഉയരംവേണ്ട തൂണുകളിൽ പതിനഞ്ച് അടിയോളം ഇനിയും പണിയാനുണ്ട്. 
വലിയകടയിൽനിന്ന് ആരംഭിച്ച് പണ്ടകശാലയ്‌ക്കു സമീപംവരെ 800 മീറ്റർ നീളത്തിലാണ് മേൽപ്പാലം. 25 കോടി രൂപ കിഫ്ബി അനുവദിച്ചിരുന്നു. വലിയ കടയിൽപാലം തുടങ്ങുന്ന ഭാഗത്തും പണ്ടകശാലയിൽ പാലം അവസാനിക്കുന്ന ഭാഗത്തും സ്‌പാനുകളും പാർശ്വഭിത്തി നിർമാണവും പൂർത്തിയായി. ഇരുവശങ്ങളിലുമുള്ള തൂണുകളിൽ ഉരുക്ക് ഗർഡറുകളും സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്‌ക്കു മുകളിൽ സ്ലാബുകൾ നിരത്തുന്ന ജോലിയാണ്‌ ബാക്കിയുള്ളത്. സർവീസ് റോഡിനായെടുത്ത ഭാഗങ്ങൾ മഴക്കാലമായതോടെ ചെളിക്കുളമാണ്.
ചിറയിൻകീഴ് പഞ്ചായത്തിനു മുൻവശം, എക്സൈസ് ഓഫീസിനു മുൻവശം, ബസ് സ്റ്റാൻഡ് , പണ്ടകശാല, കാട്ടുകുളം ഭാഗം എന്നിവിടങ്ങളിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. പാലംപണി അനിശ്ചിതമായി നീളുന്നത് നാട്ടുകാരുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top