27 April Saturday
വാഹന തട്ടിപ്പ്‌

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

ആറ്റിങ്ങൽ

എട്ട് വർഷമായി പൊലീസ് തെരയുന്ന  പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മംഗലപുരം, മുരുക്കുംപുഴ മുല്ലശ്ശേരി  അനിൽ ഹൗസിൽ അനിൽ അലോഷ്യസ് ‌(42) ആണ്‌ പൊലീസിന്റെ പിടിയിലായത്. 2012 ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്‌ത വാഹന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണിയാൾ. ആറ്റിങ്ങൽ ഡിവൈഎസ്‌പി  എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അറസ്റ്റ് ചെയ്തത്. ബാങ്ക് മാനേജർ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീനിലയം വീട്ടിലായിരുന്നു  താമസം. ഇത്രയും വർഷമായി  സംസ്ഥാനത്തിനകത്തും പുറത്തും വ്യാജവിലാസത്തിൽ താമസിച്ച്‌ വരികയായിരുന്നു. വ്യാജരേഖകളുണ്ടാക്കി വായ്‌പ തരപ്പെടുത്തി വാഹനങ്ങൾ വാങ്ങി മറിച്ച്‌ വിൽക്കുന്ന കേസിലെ പ്രതിയാണിയാൾ. ഒമ്പത്  കേസുകളാണ്‌ ഇയാൾക്കെതിരെയുള്ളത്‌. വിവിധ വാഹനങ്ങളുടെ ഷോറൂമുകളിൽനിന്ന്‌ വാഹനം വാങ്ങുന്നവരുടെ ഫോട്ടോ സംഘടിപ്പിച്ച്‌, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്‌ വായ്‌പ തരപ്പെടുത്തും. തിരുവനന്തപുരം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ താൽക്കാലിക രജിസ്ട്രേഷൻ നടത്തിയതിന്റെ രേഖകൾ കൈവശം വാങ്ങിയശേഷം ഇതേ വാഹനത്തിന്റെ സെയിൽ ലെറ്ററും, വിൽപ്പന കരാറും വ്യാജമായി തയ്യാറാക്കും. ആദ്യവായ്‌പയുടെ വിവരങ്ങൾ മറച്ചുവച്ച്‌ ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ കൈമാറ്റം ചെയ്‌തതായി വാഹനത്തിന്റെ രേഖകൾ സമ്പാദിക്കും. ആറ്റിങ്ങൽ ആർടിഒ ഓഫീസിലെ ക്ലർക്കിന്റെ സഹായവും ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ മറിച്ച് വിൽപ്പന നടത്തിയും പണയം വച്ചുമായിരുന്നു തട്ടിപ്പ്‌. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ, വാഹനം എടുക്കുന്ന ആളിന്റെ വിലാസം പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന ആൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വൻസംഘം തട്ടിപ്പിന്‌ പിന്നിലുണ്ടായിരുന്നു. നെയ്യാറ്റിൻകര വാഴിച്ചൽ സ്വദേശി  സനോജ് , തിരുമല മുടവൻമുഗൾ സ്വദേശി പ്രകാശ്, നിരവധി കേസുകളിലെ പ്രതിയായ കല്ലമ്പലം, പുല്ലൂർ മുക്ക് സ്വദേശി റീജു, കല്ലമ്പലം കുടവൂർ സ്വദേശി നാദിർഷാ എന്നീപ്രതികളാണ്‌ മുമ്പ്‌ അറസ്റ്റിലായത്‌. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി അശോകന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്‌പി, എസ് വൈ സുരേഷിന്റെ നേതൃത്വത്തിൽ  ആറ്റിങ്ങൽ ഇൻസ്പെക്ടർ വി വി ദിപിൻ, സബ്‌ ഇൻസ്പെക്ടർ എസ് സനൂജ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ്‌ ഇൻസ്പെക്ടർമാരായ ഫിറോസ് ഖാൻ, എ എച്ച് ബിജു, എ എസ് ഐ മാരായ ബി ദിലീപ്, ആർ ബിജുകുമാർ, എസ്  ജയൻ, സിയാദ്  എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top