27 April Saturday

ആ യാത്ര സഫലം; ഹരിത മിടു മിടുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം

ഇടുക്കിയുടെ മിടുമിടുക്കിയായി ഹരിത. ഇടുക്കിയുടെ മാത്രമല്ല, തിരുവനന്തപുരത്തിന്റെയും.  പരിമിതിയോടും ഇല്ലായ്‌മകളോടും പൊരുതി നേടിയ വിജയത്തിനുണ്ട്‌ നിശ്ചയദാർഢ്യത്തിന്റെ ചാരുത. നേട്ടത്തിന്‌ ഇവൾ നന്ദി പറയുന്നത്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരുതലിന്‌. ജഗതി ബധിര വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്‌ ഹരിത സുരേഷ്‌. കാഴ്‌ചയുടെയും കേൾവിയുടെയും ലോകം കുഞ്ഞുന്നാളിലേ അന്യം. കുറവുകളെ കഴിവുകളാക്കി മാറ്റിയപ്പോൾ ഒരു എ ഗ്രേഡും മൂന്ന്‌ ബി പ്ലസും രണ്ട്‌ ബിയും നേടി ഹരിത പ്ലസ്‌ടു പരീക്ഷയിൽ വിജയമധുരം നുകർന്നു. പരീക്ഷ എഴുതാൻ കഴിയുമോ എന്ന ഹരിതയുടെയും കുടുംബത്തിന്റേയും ആശങ്ക നീക്കിയത്‌ പൊതുവിദ്യാഭ്യാസ വകുപ്പാണ്‌. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ പരീക്ഷ പാതിവഴിയിൽ നിർത്തിയപ്പോൾ ഹരിത ഇടുക്കിയിലേക്ക്‌ മടങ്ങിയിരുന്നു. പരീക്ഷ പുനരാരംഭിക്കുന്നതായി അറിയിപ്പ്‌ വന്നപ്പോൾ തിരുവനന്തപുരത്തേക്ക്‌  എത്താൻ വഴി കാണാതെ ഹരിതയും തോട്ടം തൊഴിലാളികളായ മാതാപിതാക്കളും കുഴങ്ങി. ജഗതി ബധിര വിദ്യാലയം അധികൃതർ വിഷയം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഹരിതയ്‌ക്കായി വാഹനം ഏർപ്പെടുത്തി. രക്ഷിതാക്കൾക്ക്‌ ഒപ്പമെത്തിയാണ്‌ ഹരിത പരീക്ഷ എഴുതി മടങ്ങിയത്‌. രാജകുമാരി കുമ്പപ്പാറ സ്വദേശിനിയാണ്‌ .  അമ്മ ഗീതയും അച്ഛൻ സുമേഷും. ആറു വയസ്സുമുതൽ മൂവാറ്റുപുഴ അസീസിയിലെ സിസ്റ്റർമാരാണ്‌ വളർത്തിയത്‌‌. 40 ശതമാനം മാത്രമാണ്‌ കാഴ്‌ച. അടുത്തിടെ ഹൃദയ ശസ്‌ത്രക്രിയയും കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top