26 April Friday

ആ കർഷകനെത്തേടി 
സമ്മേളന വേദിയിൽനിന്ന്‌ 
കൃഷിയിടത്തിലേക്ക്‌

എം വി പ്രദീപ്‌Updated: Sunday Jan 16, 2022

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കൊടിവിളാകം വീട്ടിൽ എസ് വിനോദിനൊപ്പം 
വാഴത്തോട്ടം സന്ദർശിക്കുന്നു

പാറശാല
ഉച്ചയൂണിനൊപ്പമുള്ള പഴം കഴിച്ച സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഒന്ന്‌ ഞെട്ടി. വാഴപ്പഴം നമ്മുടെ നാട്ടിലെയല്ല. ഉടൻ ചോദ്യമെത്തി, ഇതെവിടെനിന്ന്‌ വാങ്ങിയതാണ്‌? വാങ്ങിയതല്ല സഖാവേ, സമ്മേളനത്തിനായി ഒരു കർഷകൻ സമ്മാനിച്ചതാണ്‌ എന്ന്‌ മറുപടി. എന്നാൽ ആ കർഷകനെ ഒന്ന്‌ കാണണമെന്നായി. കാരാളിത്തോടിനു തീരത്തെ കൊടിവിളാകം വീട്ടിലെത്തിയപ്പോൾ വീണ്ടും ആശ്ചര്യം. ബംഗാളിലെ ബോജി മനോഹർ, തായ്‌ലൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്‌ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി, ആയിരം കിലോയുള്ള നാടൻ പൂവൻ ... തുടങ്ങി നാലരയേക്കറിൽ ലോകത്തിലെ നാനൂറിലേറെ ഇനം വാഴകൾ ഇങ്ങനെ നിൽക്കുന്നു. കർഷകൻ എസ്‌ വിനോദും മകൻ അബിനീഷും ഓരോ ഇനവും അവയുടെ പ്രത്യേകതകളും കാഴ്‌ചക്കാർക്ക്‌ വിവരിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന അസം ഇനമായ ഗോത്തിയ വാഴപ്പഴം നൽകുകയും ചെയ്തു.  
കേരളത്തിൽനിന്ന്‌ അപ്രത്യക്ഷമാകുന്ന വാഴയിനങ്ങൾ സംരക്ഷിക്കാൻ വാഴഗ്രാമം പദ്ധതി സർക്കാരും കൃഷിവകുപ്പും ആരംഭിക്കണമെന്ന്‌ വിനോദ്‌ എം എ ബേബിയോട്‌ അഭ്യർഥിച്ചു. ‘ വീണ്ടും കൃഷിയിടത്തിലെത്തുമെന്നും എല്ലാ സഹായവുമുണ്ടാകുമെന്നും  നമ്മുടെ കൃഷിയിടങ്ങളിൽനിന്ന്‌ നീക്കം ചെയ്യപ്പെട്ടവയെല്ലാം വളർത്തി ഭാവി തലമുറയ്‌ക്കായി സംരക്ഷിക്കുന്ന ഏറ്റവും മഹനീയമായ ഇടപെടലാണ്‌ വിനോദിന്റേതെന്നും' –- എം എ ബേബി പറഞ്ഞു. 
സമ്മേളന വേദയിൽ പ്രതിനിധികൾക്ക്‌ ഭക്ഷണത്തിനുള്ള എല്ലാ വിഭവങ്ങളും പാറശാലയിലെ കൃഷിയിടങ്ങളിൽനിന്ന്‌ കർഷകർ സംഭാവനയായി നൽകിയതാണ്‌. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും ചേർന്നാണ്‌ ഭക്ഷണമൊരുക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top