26 April Friday
എങ്ങും കനത്ത മഴ

നദികൾ കരകവിഞ്ഞും മണ്ണിടിഞ്ഞും വ്യാപകനാശം

സ്വന്തം ലേഖകർUpdated: Tuesday Oct 12, 2021

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ

തിരുവനന്തപുരം
ജില്ലയിൽ മഴ ശക്തിപ്പെട്ടതോടെ  വിവിധ മേഖലകളിൽ കനത്ത നാശം. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നദികൾ കരകവിഞ്ഞും മണ്ണിടിഞ്ഞും വലിയ നാശമുണ്ടായി. 
വിതുരയിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നദികളും തോടുകളും കരകവിഞ്ഞതോടെ റോഡുകൾ പലതും വെള്ളത്തിലായി. വിതുര ശിവൻകോവിൽ ജങ്ഷൻ -തള്ളച്ചിറ റോഡ്, മേമല - മീനാങ്കൽ റോഡ് എന്നിവ പൂർണമായും മുങ്ങി. പൊടിയക്കാല ആദിവാസി മേഖലയിലേക്കുള്ള റോഡും തകർന്നു.  വൃഷ്ടി പ്രദേശത്തെ കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ പേപ്പാറ ഡാമിന്റെ നാല് ഷട്ടറും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടർ ഉച്ചയോടെ അഞ്ച് സെന്റീമീറ്റർ വീതം വീണ്ടും ഉയർത്തി.
 നന്ദിയോട് കാലൻകാവിൽ റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത തൂണുകൾക്കും കേടുപാടുണ്ടായി. വൈദ്യുതവകുപ്പ് ജീവനക്കാരെത്തി മരംവെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പൊട്ടൻചിറ, പച്ച, ഓരുക്കുഴി, പുലിയൂർ, പയറ്റടി, ഇളവട്ടം, കുറുപുഴ, പ്ലാവറ, പവ്വത്തൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. ജവഹർ കോളനിയിൽ ലക്ഷം വീടിന് സമീപം മണ്ണിടിച്ചിലുണ്ടായി. കൂറ്റൻ പാറകൾ റോഡിലേക്ക് വീണു. പൊട്ടൻചിറ, പയറ്റടി, ഓരുക്കുഴി, കുശവൂർ, പവ്വത്തൂർ എന്നിവിടങ്ങളിൽ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വെള്ളംകയറി. വഞ്ചുവം മുതൽ ഇളവട്ടം വരെയുള്ള പ്രധാന റോഡ്‌ വെള്ളത്തിലായി ഗതാഗതം തടസ്സപ്പെട്ടു. 
 കിളിമാനൂർ, ന​ഗരൂർ പഞ്ചായത്തുകളിൽ രണ്ട്‌ വീട്‌  തകർന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പല വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.ന​ഗരൂർ അഞ്ചാം വാർഡ്‌ 
ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം  ശ്യാംകുമാറിന്റെ  വീട്‌ ഇടിഞ്ഞ് വീണു. കുടുംബം അയൽവീട്ടിൽ അഭയം തേടി.  വെള്ളല്ലൂർ ഈഞ്ചമൂല കോട്ടിച്ചിറ  ശാന്തയുടെ  വീട്‌ പാറയും മണ്ണും ഇടിഞ്ഞിറങ്ങി  തകർന്നു.  പടുകൂറ്റൻ പാറ കനത്തമഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണു.  പഴയകുന്നുമ്മേൽ  ആറ്റൂർ സലീമിന്റെ  മൂന്ന് നില കെട്ടിട‌ത്തിനോട് ചേർന്ന് സമീപത്തെ കൂറ്റൻ കുന്ന്  ഇടിഞ്ഞുവീണു  അ​ഗ്നിരക്ഷാ പ്രവർത്തകരും റവന്യൂ ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി ഇവരെ ഇവിടെനിന്നും മാറ്റി. വണ്ടന്നൂർ ഇടക്കുന്ന് റോഡിലേക്ക് സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണു. റോഡ്‌ ഗതാഗതവും തടസ്സപ്പെട്ടു.  ചാവേറ്റിക്കാട് ജങ്‌ഷനിൽ  കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണു. നൂറോളം റബർമരങ്ങളും മറ്റ് വ‍ൃ‍ക്ഷങ്ങളും കടപുഴകി. 
രാത്രിയും തുടരുന്ന കനത്ത മഴയിൽ എം സി റോഡിൽ  നിലമേൽ കിളിമാനൂർ വരെയുള്ള ഭാ​ഗത്തുകൂടെയുള്ള ​ഗതാ​ഗതം താൽക്കാലികമായി  വഴിതിരിച്ച് വിട്ടു.   അടയമൺ ഏലാ, വെള്ളല്ലൂർ ഏലാ, കോട്ടയ്ക്കൽ ഏലാ, കീഴ്പേരൂർ എലാ എന്നിവിടങ്ങളിൽ വെള്ളം കയറി .   ചിറ്റാറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. വാമനപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്.   വാഴോട്  റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top