27 April Saturday

ഡ്രാഗൺഫ്രൂട്ട് കൃഷിയെ അറിയാൻ 
മന്ത്രിയെത്തി; കർഷകർക്ക് ആവേശം

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

തണ്ണിച്ചാലിലെ ഡ്രാഗൺഫ്രൂട്ട് തോട്ടം മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിക്കുന്നു. ഡി കെ മുരളി എംഎൽഎ സമീപം

 

വെഞ്ഞാറമൂട്
ഡ്രാഗൺഫ്രൂട്ട് കൃഷിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഭരതന്നൂരിലെത്തിയ ധനമന്ത്രി കെ എൻ ബാലഗോപാലിന് ആവേശ സ്വീകരണമൊരുക്കി കർഷകർ. പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാൽ പ്രദേശത്തെ ജെ വിജയൻ, രത്നാകരൻപിള്ള തുടങ്ങിയവരുടെ തോട്ടങ്ങളാണ് മന്ത്രി സന്ദർശിച്ചത്. 
ചൊവ്വ വൈകിട്ട് നാലോടെയാണ് മന്ത്രി ഭരതന്നൂർ തണ്ണിച്ചാൽ തോട്ടത്തിലെത്തിയത്. ഡ്രാഗൺ ഫ്രൂട്ട് കൃഷി നേരിൽക്കണ്ട് മനസ്സിലാക്കിയ അദേഹം അതിന്റെ വിപണന സാധ്യതകളും മനസ്സിലാക്കി. ക്ഷീരസംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ പങ്കെടുക്കവേയാണ് രത്നാകരൻപിള്ള ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ സാധ്യതകളെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഡി കെ മുരളി എംഎൽഎയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം മന്ത്രി കൃഷിയിടങ്ങൾ സന്ദർശിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു.
കർഷകസംഘം ഭരതന്നൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കർഷക സംവാദം മന്ത്രി ഉദ്ഘാടനം ചെയ്തു. ഡ്രാഗൺ ഫ്രൂട്ടിന്റെ പൈലറ്റ് പ്രോജക്ട് പ്രദേശമാക്കി തണ്ണിച്ചാൽ മാറണമെന്നും ഇവിടം കേന്ദ്രീകരിച്ച് പഴവർഗങ്ങളുടെ ക്ലസ്റ്റർ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. 
കർഷകസംഘം ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കരകുളം ബാബു, എൻ ബാബു, കെ പി സന്തോഷ് കുമാർ, എം എസ് രാജു, ഇൻഡ്രോയൽ സുഗതൻ, ആർ കെ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡ്രാഗൺ ഫ്രൂട്ട് കർഷകരായ ജെ വിജയൻ, രത്നാകരൻപിള്ള എന്നിവരെ മന്ത്രി ആദരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top