26 April Friday

വാട‍്സാപ്പിലുണ്ട്, 
പരാതിക്ക് പരിഹാരം

സ്വന്തം ലേഖകൻUpdated: Wednesday Aug 10, 2022

വാട്സാപ്‌ വഴി ലഭിച്ച പരാതികളും നഗരസഭയെടുത്ത നടപടികളും മേയർ നവമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ

 
തിരുവനന്തപുരം
‘ജനമനസ്സറിഞ്ഞ്‌’ പ്രവർത്തിക്കുന്നൊരു വാട്‌സാപ്പുണ്ട്‌ അനന്തപുരിയിൽ,  ഈ നമ്പരിലേക്ക്‌ ആവശ്യമോ പരാതികളോ അറിയിച്ചാൽ ഉടൻ പരിഹരിക്കുമെന്നതാണ്‌ സവിശേഷത. തിരുവനന്തപുരം  മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക വാട്സാപ്‌ നമ്പരാണ്‌ അതിവേഗത്തിൽ ആവലാതികളും സങ്കടങ്ങളും തീർക്കുന്ന സൂപ്പർ ആപ്പ്‌ ആകുന്നത്‌. 
നഗരവാസികളുടെ പ്രശ്‌നങ്ങൾക്ക്‌ ഉടൻ തീർപ്പാക്കുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ്‌ ഈ സംവിധാനം ആരംഭിച്ചത്‌. 
മലിനജലം വീടിനു സമീപം ഒഴുകിയെത്തുന്നത്‌, പൊതുസ്ഥലത്ത്‌ പ്ലാസ്റ്റിക്‌ കത്തിക്കുന്നത്‌ തുടങ്ങി നിരവധി പരാതികളാണ്‌ ലഭിക്കുന്നത്‌. അയച്ചവരാരും നിരാശരായില്ല. കോർപറേഷൻ നേതൃത്വത്തിൽ അതിവേഗം പരിഹാരം കണ്ടു. 
വിഷയം ശ്രദ്ധയിൽപ്പെട്ടെന്ന്‌ അറിയിക്കുന്നതുമുതൽ  സ്വീകരിച്ച നടപടികളുടെ വിവരംവരെ കൃത്യമായി നൽകുംവിധമാണ്‌  പ്രവർത്തനം. 
അതത്‌ സെക്‌ഷനുകളുമായി ബന്ധപ്പെട്ട പരാതികൾ അവിടേക്ക്‌ അയക്കും. മേയർതന്നെയാണ്‌ പരാതികൾ പരിശോധിക്കുന്നതും തുടർ നടപടികളെടുക്കുന്നതും. 
വാട്സാപ്‌ വഴിയുള്ള പരാതിപരിഹാര സംവിധാനം കൂടുതൽ ജനകീയമാക്കാനും നഗരവാസികളുടെ അറിവിലേക്ക്‌ എത്തിക്കാനും അടുത്തിടെ ലഭിച്ച പരാതികളുടെയും ഇതിൽ കോർപറേഷനെടുത്ത നടപടികളുടെയും വിവരങ്ങൾ മേയർ നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
 നിരവധിയാളുകളിലേക്ക്‌ ഇക്കാര്യം എത്തിയെന്ന്‌ മാത്രമല്ല, ഈ ഉദ്യമത്തിന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ലൈക്കുമടിച്ചു. 
 
നഗരസഭ 
ജനങ്ങളിലേക്ക്‌
ഇന്ന്‌ വിഴിഞ്ഞം 
സോണലിൽ
തിരുവനന്തപുരം
അഴിമതിരഹിത സൽഭരണം, സമഗ്ര നഗര വികസനം എന്നീ ലക്ഷ്യങ്ങളുമായി നഗരസഭ ജനങ്ങളിലേക്ക്‌ ക്യാമ്പയിൻ ബുധനാഴ്‌ച വിഴിഞ്ഞം സോണൽ ഓഫീസിൽ നടക്കും. കോർപറേഷനുമായി ബന്ധപ്പെട്ട ഏതു പരാതിയും പൊതുജനങ്ങൾക്ക്‌ നൽകാം. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അധ്യക്ഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ പത്തിന്‌ ആരംഭിക്കും. 
തുടർ ക്യാമ്പയിൻ നടക്കുന്ന സോണലും തീയതിയും ക്രമത്തിൽ;
നേമം 12, വട്ടിയൂർക്കാവ്‌ 17, തിരുവല്ലം 19, കുടപ്പനക്കുന്ന്‌ 23, ഫോർട്ട്‌ 25, ഉള്ളൂർ 27, ആറ്റിപ്ര 29, കഴക്കൂട്ടം സെപ്‌തംബർ 15, കടകംപള്ളി 16.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top