26 April Friday

യുവാവിന് മർദനം; ട്രാഫിക് വാര്‍ഡനെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ യുവാവിന് ട്രാഫിക് വാർഡന്റെ മർദനം. വെള്ളിയാഴ്ച വൈകിട്ട്‌ ആറരയോടെയാണ് സംഭവം. 
ആശുപത്രിയ്ക്കുള്ളിൽ പ്രവേശിക്കുന്നത്‌ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവാവിന് മർദനമേറ്റത്. യുവാവിനെ കസേരയിലിരുത്തി ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ട്രാഫിക് വാർഡനെതിരെ  നടപടി സ്വീകരിക്കാൻ സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ്‌ ഇയാളെ ജോലിയിൽ നിന്ന്‌ മാറ്റിനിർത്തിയത്‌. വിശദമായ അന്വേഷണത്തിനുശേഷം കര്‍ശന നടപടി സ്വീകരിക്കും.
അതേസമയം മർദനമേറ്റയാൾ അടക്കം രണ്ടു പേർ ഒപി ബ്ലോക്കിന്റെ ഗേറ്റ് അടയ്ക്കാൻ പോയ സുരക്ഷാ ജീവനക്കാരനെ മർദിച്ചതാണ് സംഭവത്തിന്റെ തുടക്കമെന്ന് ജീവനക്കാർ പറഞ്ഞു. ഒപി ബ്ലോക്കിന്റെ പ്രവർത്തനം അവസാനിക്കുമ്പോൾ വൈകിട്ടോടെ ഗേറ്റ് പൂട്ടാറുണ്ട്. ഗേറ്റ് അടയ്ക്കാൻ പോയ സുരക്ഷാ ജീവനക്കാരനോട് മദ്യലഹരിയിലെത്തിയ യുവാക്കൾ മൂത്രമൊഴിക്കാൻ അകത്തുകയറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇനി അകത്തു കയറാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ വയറ്റിൽ  ചവിട്ടി വീഴ്‌ത്തി. സുരക്ഷാ ജീവനക്കാരന്റെ നിലവിളി കേട്ട് ഓടിയെത്തിയ ട്രാഫിക് വാർഡന്മാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 
ഇതിനിടയിൽ യുവാക്കൾ ഒരു ആംബുലൻസ് ഡ്രൈവറെയും മർദിച്ചുവെന്ന് ജീവനക്കാർ പറഞ്ഞു. മർദനത്തെപ്പറ്റി യുവാക്കളോ ആശുപത്രി ജീവനക്കാരോ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. 
യുവാക്കളിൽ ഒരാൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ കഞ്ചാവ് കേസ് പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top