26 April Friday
ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ഇടപെട്ടു

തിരുവാമ്പാടി ക്ഷേത്രത്തിൽ 
ഇനി വികസനത്തിന്റെ ദീപക്കാഴ്‌ച

സ്വന്തം ലേഖകൻUpdated: Saturday Nov 27, 2021

ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ തിരുവാമ്പാടി ക്ഷേത്രം സന്ദർശിക്കുന്നു

തിരുവല്ല
നാലായിരം വർഷം പഴക്കമുള്ള തിരുവല്ലയിലെ തിരുവാമ്പാടി ക്ഷേത്രം ഐതിഹ്യങ്ങളുടെ കഥ പറയുമ്പോൾ തകർന്ന് വീഴാറായ ശ്രീകോവിലിന്റെ ദുരവസ്ഥ പറയുകയാണ് ക്ഷേത്രോപദേശക സമിതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ല കാവുംഭാഗം കിഴക്കുംമുറിയിലാണീ ക്ഷേത്രം.
ആർക്കിയോളജിക്കൽ സീരീസിൽ ഈ"തിരുവായംമ്പാടി' ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. തിരുവൻവണ്ടൂർ ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന തിരുവായംമ്പാടി ക്ഷേത്രം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്താണ്.
അനേകം വൈഷ്ണവ പ്രതിഷ്ഠകളോടുകൂടിയ  ക്ഷേത്രത്തലെ വട്ട ശ്രീകോവിലിന്റെ അളവെടുത്താണ് പിന്നീട് മധ്യതിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളുടെയും ശ്രീകോവിൽ പണിതിട്ടുള്ളത്.
പെറ്റി ദേവസ്വവും പിന്നീട് മൈനർ ദേവസ്വവുമായിരുന്നു ആദ്യ ഘട്ടങ്ങളിൽ. പിന്നീട് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലായി. നാട്ടുരാജാക്കൻമാരുടെ ഭരണകാലത്താണ് ശിൽപ കലാചാരുതയിൽ  കല്ലുകളിൽ കൊത്തുപണികളോടെ ക്ഷേത്രം നിർമിച്ചത്. 
ഒരോ കല്ലിലും എഴുത്തുകളും ശിൽപങ്ങളുമുണ്ട്. വർഷങ്ങൾക്ക് മുൻപ്  വട്ട ശ്രീകോവിൽ പുനർ നിർമിച്ചിരുന്നു. ഈ ശ്രീകോവിലും വർഷങ്ങൾ കഴിഞ്ഞതിനാൽ ചൊർന്നൊലിക്കുന്നു.  പുനർ നിർമിച്ച  നടവാതിൽ  ദ്രവിച്ച് താഴെ വീഴാറായി. ഒന്നര ഏക്കറോളം ഉണ്ടായിരുന്ന സ്ഥലത്തിന്റെ ചുറ്റുഭാഗവും പലരും കൈയേറിയിട്ടുണ്ട്. നാട്ടുകാർ നിർമിച്ച നടപ്പന്തലും. പഴകി. ഒരു വശത്ത് കിഴക്കുംമുറി തോടിനോട് ചേർന്നായതിനാൽ ആ ഭാഗം ഇടിഞ്ഞ് ക്ഷേത്ര സ്ഥലം  നഷ്ടമാകുകയാണ്‌. വസ്തു സംരക്ഷിക്കാനാവശ്യമായ സംരക്ഷണഭിത്തി നിർമാണം നടത്താത്തതുമൂലം തോടിന്റെ വശം ഇടിഞ്ഞ് താഴുകയാണ്. ശ്രീ കോവിൽ പുനർ നിർമിക്കാൻ രൂപരേഖയുണ്ടാക്കി 21 ലക്ഷം തൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ചെങ്ങന്നൂർ ആലാ സ്വദേശിയായ ഒരു കോൺട്രാക്ടർ കരാർ എടുത്തിരുന്നെങ്കിലും  തുക അപര്യാപതമായതിനാൽ നിർമാണം നടന്നില്ല. തുക പുതുക്കി നിശ്ചയിച്ച് തരണമെന്ന ക്ഷേത്ര ഉപദേശക സമിതിയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ കഴിഞ്ഞ ദിവസം ക്ഷേത്രം സന്ദർശിച്ചു. പരാധീനതകളെ കുറിച്ച് നേരിട്ടറിഞ്ഞ അദ്ദേഹം സംരക്ഷണഭിത്തി നിർമാണത്തിനും ശ്രീകോവിലിന്റെ പുനർനിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top