27 April Saturday
പട്ടയം മിഷന്‍

പ്രതീക്ഷയോടെ ജില്ലയും

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
പത്തനംതിട്ട
സംസ്ഥാന സർക്കാരിന്റെ  പട്ടയം മിഷൻ പദ്ധതി വഴി ജില്ലയിലും പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ  ത്വരിതപ്പെടുത്തി. ഏറ്റവും കൂടുതൽ വനാവകാശ പട്ടയം ലഭിക്കാനുള്ള ജില്ലയാണ് പത്തനംതിട്ട .  കേന്ദ്ര സർക്കാരിന്റെ  അനുമതി കൂടി ആവശ്യമുള്ള ഇത്തരം പട്ടയം നൽകുന്നതിന്   ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ നടപടികൾ എടുത്തതാണ്. കേന്ദ്ര വനംവകുപ്പ് പലതവണ എല്ലാ രേഖകളും  കൈമാറി.
ഇനി കാലതാമസില്ലാതെ കേന്ദ്രസർക്കാരിന്റെ അനുമതി  ലഭ്യമാക്കുന്നതിന്  റവന്യൂ വകുപ്പിന്റെ  കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  അടുത്തമാസം ആദ്യം കേന്ദ്ര വനം  മന്ത്രിയുമായി സംസ്ഥാന റവന്യൂ  മന്ത്രി  ഇതു സംബന്ധിച്ച്  ചർച്ച നടത്തും. കോന്നി, റാന്നി മണ്ഡലങ്ങൾ  ഉൾപ്പെടുന്ന പ്രദേശത്താണ് വനാവകാശ പട്ടയം കൂടുതലും ലഭിക്കാനുള്ളത്. മുമ്പ് രാജു ഏബ്രഹാമും ഇപ്പോൾ അഡ്വ. കെ യു ജനീഷ്കുമാർ, പ്രമോദ് നാരായൺ എംഎൽഎ തുടങ്ങിയവർ ഇക്കാര്യത്തിൽ  നിരന്തരമായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു. 
ബം​ഗളൂരു ആസ്ഥാനമായി വനം വകുപ്പിന്റെ ഓഫീസിൽ ഇതു സംബന്ധിച്ച മുഴുവൻ രേഖകളും കൈമാറിയിട്ടുണ്ട്. അഡ്വ. കെ യു ജനീഷ്കുമാർ ഇക്കാര്യത്തിന് മാത്രമായി നിരവധി തവണ ബം​ഗളൂരുവിൽ കേന്ദ്ര അധികൃതരുമായി നേരിട്ട് ചർച്ച് നടത്തി. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളാൻ എംഎൽഎമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിവരികയാണ്. 
അടുത്ത അഞ്ചു മാസത്തിനകം തന്നെ പട്ടയം ലഭ്യമാക്കാൻ വേണ്ട നടപടി  വേഗത്തിലാക്കാനാണ് റവന്യൂ വകുപ്പിന്റെ കീഴിൽ  പട്ടയം മിഷൻ നടപടി കൈക്കൊള്ളുന്നത്. 
ഹിൽമെൻ സെറ്റിൽമെന്റ്‌ മേഖലയിൽ കേന്ദ്രാനുമതി ഇല്ലാതെ തന്നെ പട്ടയം അനുവിദിക്കാനകും എന്ന മേഖലയിൽ അവയും  പെട്ടെന്ന് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിൽ കൊല്ലമുള പ്രദേശമാണ് ഇത്തരത്തിലുള്ളത്. 
സംസ്ഥാന സർക്കാരിന് തന്നെ തീരുമാനിക്കാവുന്ന പ്രശ്നങ്ങളിൽ ഉടൻ തന്നെ പരിഹാരം കാണുന്നതിനും പ്രത്യേക സംഘം അതിവേഗം നടപടികൾ സ്വീകരിക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം  പരിഹരിക്കാൻ   ഫെബ്രുവരി രണ്ടിന് തദ്ദേശ സ്വയംഭരണ മന്ത്രിയുമായി  പ്രശ്നം ചർച്ച ചെയ്യും. അതോടൊപ്പം വിവിധ കോളനികളിൽ വർഷങ്ങളായി താമസിക്കുന്നവർക്കും പട്ടയം നൽകാനുള്ള നടപടി വേ​ഗത്തിലാക്കും. കേന്ദ്രാനുമതി ലഭിച്ചാൽ ജില്ലയിൽ മാത്രം 20,000ത്തോളം പട്ടയം വിതരണം ചെയ്യാനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top