26 April Friday
തേങ്ങവീണ ശബ്ദം കേട്ട് ഓടി, വീണത്‌ പൊട്ടക്കിണറ്റിൽ

ഒടുവിൽ പവനായി...

എഴുത്തും ചിത്രവും 
ജയകൃഷ്ണൻ ഓമല്ലൂർUpdated: Thursday Sep 22, 2022

കിണറ്റിൽ വീണ പന്നിയെ കുരുക്കിടുന്നു. പി കെ സുകു വെടിവെയ്ക്കുന്നു. ചത്ത പന്നിയെ വലിച്ച് കരയ്ക്കെടുക്കുന്നു

ഓമല്ലൂർ
കാട്ടുപന്നിക്കെതിരെ ഓമല്ലൂർ പഞ്ചായത്തിൽ ആദ്യ വെടിപൊട്ടി. പന്നിയുടെ ആക്രമണത്തിൽ ആശങ്കയിലായിരുന്ന കർഷകർക്ക് സമാധാനം.ആറ്റരികം വാർഡിൽ  കൊട്ടുപ്പള്ളിൽ ശശീധരൻ നായരുടെ പറമ്പിലെ മറയില്ലാത്ത നിറയെ വെള്ളമുള്ള കിണറ്റിലാണ്  ബുധനാഴ്ച രാവിലെ കാട്ടുപന്നി വീണത്.വനം വകുപ്പും പഞ്ചായത്തും ആവശ്യപ്പെട്ടതനുസരിച്ച് റാന്നിയിൽ നിന്ന് ഷാർപ് ഷൂട്ടർ പി കെ സുകു വൈകിട്ട് 5.30 ഓടെ സ്ഥലത്തെത്തി വെടി വച്ച് കൊന്നു.
ഒരാഴ്ചയായി കാട്ടുപന്നി ഇവിടെ വിഹരിക്കുകയായിരുന്നു. കർഷകരായ ഇല്ലിപ്ലാവിൽ വിജയന്റെയും മോഹനന്റെയും തെങ്ങുകളും കൃഷിയും നശിപ്പിച്ചിരുന്നു.വിമുക്തഭടനായ വരിക്കോലിൽ പുത്തൻവീട്ടിൽ രാജന്റെ പറമ്പിലും നാശമുണ്ടാക്കി. 
ബുധനാഴ്ച രാവിലെ മുരുളീരവത്തിൽ മുരുളീധരൻനായർ പറമ്പിൽ തേങ്ങയിടാൻ പോയതാണ് കഥയുടെ ക്ളൈമാക്സായത്. തേങ്ങ വീണ വലിയ ശബ്ദം കേട്ട് ആറ്റുതീരത്ത് ഒളിച്ചിരുന്ന പന്നി പേടിച്ച് ഓടി. ചീറിപ്പാഞ്ഞു പോകുന്ന പന്നിയെ കണ്ട് സമീപവാസിയായ അധ്യാപിക സുജാത ഭയന്ന് വീടിനുള്ളിൽ കയറി. പിന്നീടാരും പന്നിയെ കണ്ടില്ല. ആ പോക്കിലാണ് പന്നി പൊട്ടക്കിണറ്റിൽ വീണത്. 
കിണറ്റിൽ കിടന്ന് അമറുന്ന പന്നിയെ ആദ്യം കാണുന്നത് സമീപവാസിയായ വിമുക്തഭടൻ  വിജയൻ നായരാണ്. വാർത്തയറിഞ്ഞ് നാട്ടുകാരെല്ലാം തടിച്ചുകൂടി. പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വിളവിനാലും വാർഡ് മെമ്പർ മിഥുനും റാന്നിയിൽ നിന്ന് വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. ആഴമുള്ള കിണറ്റിൽ നിന്ന് വലയിട്ട് പന്നിയെ പുറത്തേക്ക് എത്തിക്കുന്നത് ദുഷ്കരമായതിനാൽ കുരുക്കിട്ട് ഉയർത്തിയാണ്  നിറയൊഴിച്ചത്. ഒറ്റ വെടിക്ക് തന്നെ പന്നിയുടെ കഥ കഴിഞ്ഞു. റാന്നി ഫോറസ്റ്റ്  സെക്ഷൻ  ഓഫീസർ മുഹമ്മദ് റൗഷാദ്, ബിഎഫ്ഒ മാരായ എസ് ശ്രീകുമാർ, എം എസ് ഫിറോസ് ഖാൻ  എന്നിവർ നേതൃത്വം നൽകി. റാന്നി ഡിഎഫ്ഒ അജയകുമാർ ശർമ ഇടപെട്ടാണ് ധ്രുതകർമ്മസേനയെഅയച്ചത്. നാട്ടുകാർ ചേർന്നാണ് പന്നിയെ മറവ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top