26 April Friday

പകിട്ട്‌ കഴിഞ്ഞാൽ പ്രളയം; 
പേടിച്ച്‌ എത്രനാൾ...

ബാബു തോമസ്‌Updated: Wednesday Oct 20, 2021

നീർവിളാകത്തേയ്ക്കുളള റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ

കോഴഞ്ചേരി
വേനലിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പകിട്ട്, വർഷകാലത്ത് പ്രളയ ഭീതി. എല്ലാ വെള്ളപ്പൊക്കത്തിലും ദ്വീപായി മാറുന്ന നീർവിളാകം തേടുന്നത്‌ അതിജീവനത്തിനുള്ള ശാസ്ത്രീയ മാർഗം. 
പത്തനംതിട്ട–-ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശമാണിത്‌. ആറൻമുള പഞ്ചായത്തിലെ പതിനെട്ടാം വാർഡ്. രണ്ടര കിലോമീറ്റർ ചുറ്റളവിൽ നാലായിരം പേർ താമസിക്കുന്നു. തെക്കു കിഴക്കു ഭാഗത്തായി ഏഴീക്കാട്, കുറിച്ചിമുട്ടം പ്രദേശങ്ങൾ വരെ ദൈർഘ്യമുള്ള നീർവിളാകം പുഞ്ച. മണക്കൽ, പേരങ്ങാട് വയലുകൾ പടിഞ്ഞാറും മുണ്ടകൻ, എരുവേലി പുഞ്ചകൾ വടക്കും. അതിവിശാലമായ ഈ പാടശേഖരങ്ങൾ പഞ്ചായത്തിലെ പ്രധാന നെല്ലറയാണ്. പേരങ്ങാട്ട് മേക്കുന്നിൽ,കല്ലുവരമ്പ് , മലമോടി, പുന്നാട്ടക്കുന്ന്‌ എന്നീ നാലു കോളനികളിവിടെയുണ്ട്.  
വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാൻ സ്ഥാപനങ്ങളില്ലെന്നതാണ് പ്രധാന പ്രശ്നം. ആകെയുള്ള എംഡിഎൽപി സ്‌കൂളിലും വെള്ളം കയറും. സ്‌കൂളിന്റെ ജീർണാവസ്ഥ മറ്റൊരു ഗതികേട്. ഈ പ്രളയത്തിലും വെള്ളം കയറിയ 30 വീടുകളിൽ നിന്നുള്ളവർ സമീപ വീടുകളിൽ അഭയം തേടുകയായിരുന്നു. 
നാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴി കിടങ്ങന്നൂർ –- -നീർവിളാകം-–- പുത്തൻകാവ് റോഡാണ്. ആറാട്ടുപുഴയുമായും മാലക്കരയുമായും ബന്ധിപ്പിക്കുന്ന പാടത്തിന്‌ നടുവിലൂടെയുള്ള റോഡിൽ ചെറിയ മഴയ്ക്കും വെള്ളം കയറും. പ്രധാന പാതയുടെ ഭാഗമാണ് വിവാഹ ആൽബത്തിനും ചെറുകിട ഷൂട്ടിങ്ങുകൾക്കും ആളുകളെത്തുന്ന വൈപ്പിൻശ്ശേരിപ്പടി–-കാണിക്കവഞ്ചിപ്പടി (ബാംഗ്ലൂർ റോഡ് ) റോഡ്. ഇവിടവും തുടർച്ചയായി മഴ പെയ്താൽ മുങ്ങും. 
ഈ സാഹചര്യത്തിലാണ് പ്രധാന റോഡ് ഉയർത്തുന്നതടക്കം ശാസ്ത്രീയ നടപടികളുടെ പ്രസക്തി. രണ്ടു ജില്ലകളേയും ബന്ധിപ്പിക്കുന്ന പാലത്തിനും റോഡിനുമായി മന്ത്രി വീണാ ജോർജ് 1.25 കോടി രൂപ ഒരു വർഷം മുൻപ് അനുവദിച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യത അതിജീവിക്കാൻ റോഡ് നവീകരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. പഞ്ചായത്തോ മറ്റ് ഏജൻസികളോ ഇടപെട്ട് കമ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇനിയും കാലതാമസം ഉണ്ടാകരുതെന്ന്‌ നാട്ടുകാർ പറയുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top