26 April Friday
ഒരാഴ്‌ച 2955 രോഗികൾ

ഇരട്ടിക്കുന്നു, വേണ്ടത്‌ അതീവ്ര ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

 പത്തനംതിട്ട 

ജില്ലയിൽ കഴിഞ്ഞ ആഴ്ച കോവിഡ്‌ രോഗികളുടെ എണ്ണത്തിലുണ്ടായത്‌ വൻ വർധന. കോവിഡ്‌ ഒന്നാം തരംഗത്തെ അപേക്ഷിച്ച്‌  വളരെ വേഗത്തിലാണ്‌ പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നത്‌. കഴിഞ്ഞ എട്ട്‌ ദിവസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 2955 ആണ്‌. ഈ മാസം 11ന്‌ 256 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇത്‌ 18ഓടെ 673 ആയി വർധിച്ചു. ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 7.92 ശതമാനത്തിൽനിന്നും 21 ശതമാനമായി. ഒരാഴ്ചക്കിടെ എട്ടുപേർ മരിച്ചു. എട്ട്‌ ദിവസത്തിനിടെ 812 പേർ രോഗമുക്തരായി. 
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കുമെന്ന്‌ ഡിഎംഒ എ എൽ ഷീജ പറഞ്ഞു. ചികിത്സാ സൗകര്യം വിപുലീകരിക്കും. ടെസ്‌റ്റിങ്‌ കിറ്റുകളുടെയും വാക്‌സിന്റെയും ലഭ്യത ഉറപ്പുവരുത്തും. ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടും. കോവിഡ്‌ കെയർ സെന്ററുകളിൽ 70 ശതമാനം രോഗികളെ പ്രവേശിപ്പിച്ച്‌ കഴിഞ്ഞാൽ സെന്ററുകളുടെ എണ്ണവും കൂട്ടുമെന്ന്‌ ഡിഎംഒ പറഞ്ഞു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. 
വ്യാപനം 
ഇങ്ങനെ തടയാം
ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവരുടെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കണം. കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമുളള ശുചീകരണ സാമഗ്രികള്‍ (സാനിറ്റൈസര്‍, സോപ്പ്, വെള്ളം) പ്രവേശനകവാടത്തില്‍ സജ്ജമാക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവരെ പ്രവേശിപ്പിക്കരുത്. സാമൂഹിക അകലം പാലിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും  മാസ്‌ക് ധരിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തണം.
പൊതു 
ചടങ്ങുകള്‍
വിവാഹം, ഉത്സവം, കലാ, കായിക -സാംസ്‌കാരിക പരിപാടികള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നീ ഔട്ട് ഡോര്‍ ചടങ്ങുകള്‍ക്ക് പരമാവധി 150 പേർ മാത്രം. ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് പരമാവധി 75 പേർ. പൊതു ചടങ്ങുകള്‍ മുന്‍കൂട്ടി കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു പരിപാടികളും രണ്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍, തീയേറ്ററുകള്‍, ബാറുകള്‍ എന്നിവ എല്ലാ ദിവസവും രാത്രി ഒന്‍പതിന് അടയ്ക്കണം. യോഗങ്ങള്‍ കഴിവതും ഓണ്‍ലൈനിൽ നടത്തണം. 
ഹോം ഡെലിവറി 
നടത്തണം
ഹോട്ടലുകളും റസ്റ്റോറന്റുകളും ഹോം ഡെലിവറി നടത്തണം. ഷോപ്പിങ്‌ ഫെസ്റ്റിവല്‍/മെഗാ സെയില്‍ എന്നിവ കോവിഡ് -19 രോഗ വ്യാപനം കുറയുന്നതുവരെയോ / അടുത്ത രണ്ടാഴ്ചത്തേയ്‌ക്കോ മാറ്റി വയ്ക്കണം. ബസുകളില്‍ യാതൊരു കാരണവശാലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിപ്പിക്കരുത്. സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കരുത്‌.
തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 
ചുമതല
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടിമാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി രജിസ്റ്റര്‍ ചെയ്ത കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ദുര്‍ബല വിഭാഗങ്ങളെയും (45 വയസിനു മുകളിലുള്ളവര്‍) കണ്ടെത്തി  കോവിഡ് വാക്‌സിന്‍ ആദ്യമേ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ്തല കമ്മിറ്റികളും ഉറപ്പു വരുത്തണം. കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തണം. വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അടിയന്തിര നടപടി സ്വീകരിക്കണം.
കണ്ടെയ്ന്റ്‌മെന്റ് 
സോണുകളിൽ ഇങ്ങനെ 
1) 10 വയസിന് താഴെയുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുത്‌. അവശ്യ വസ്തുക്കള്‍ വാങ്ങാനും ജോലി സംബന്ധമായും മാത്രം പൊതുജനങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ അനുവാദമുണ്ട്.
2) സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യസേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ തുടങ്ങിയ എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹിക അകലം/ വിശ്രമിക്കാനുള്ള സൗകര്യം/ ടോക്കണ്‍ സൗകര്യം/ കൈകഴുകുന്നതിനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തണം.
 
3) വ്യാപാര സ്ഥാപനങ്ങള്‍ക്കകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. പുറത്ത് സാമൂഹിക അകലം പാലിക്കാൻ ക്യൂ സംവിധാനത്തിന്‌ പ്രത്യേകം അടയാളങ്ങള്‍ (45 സെമി ഡയമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. ഈ അടയാളങ്ങള്‍ തമ്മില്‍ 150 സെമി അകലം ഉണ്ടായിരിക്കണം. കൂടാതെ സാനിറ്റൈസര്‍ / സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കു.
 4)  വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരാമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. യാതൊരുവിധ രാഷ്ട്രീയമോ സാംസ്‌കാരികമോ, മതപരമായതോ ആയ പ്രകടനങ്ങളോ വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഒഴികെയുള്ള കൂടിച്ചേരലുകളോ പാടില്ല. കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നു.
കൂടുതല്‍ ടെസ്റ്റിങ്‌ 
ഏര്‍പ്പെടുത്തണം
കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സിആര്‍പിസി 144 പ്രഖ്യാപിക്കുന്നതിനും നടപടിയെടുക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐപിസി സെക്ഷന്‍ 188 എന്നിവ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും.  ഉത്തരവ് നടപ്പാക്കാനാവശ്യമായ നടപടികള്‍ ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, അതത് ഇന്‍സിഡന്റ് കമാൻഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ സ്വീകരിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top