26 April Friday
ഹൃദയാഞ്‌ജലിയേകി ജന്മനാട്‌

പേരെടുത്തു വിളിക്കാൻ കഴിയുന്ന ആത്മബന്ധം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 കോഴഞ്ചേരി

ജന്മനാട്ടിൽ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്ത. പരിചയമുള്ള എല്ലാവരെയും പേർ ചൊല്ലി വിളിച്ചിരുന്നു. സ്വദേശമായ മാരാമണിനോട്‌ ബാല്യത്തിൽ തുടങ്ങിയ ആത്മബന്ധമാണ്‌. ഒപ്പം നാട്ടുകാരോടും. സ്ഥാനമാനങ്ങൾ ഗൗനിക്കാരെ നാട്ടുകാരുടെ തോളിൽ കയ്യിട്ടും അയൽവാസികളുടെയും ഗുരുക്കന്മാരുടെയും വീടുകൾ സന്ദർശിച്ചും അദ്ദേഹം സ്നേഹബന്ധം മുറിയാതെ കാത്തു. ആറൻമുള ഉതൃട്ടാതി ജലോൽസവ വേദിയിൽ വഞ്ചിപ്പാട്ടു പാടിയ ഏക ക്രിസ്തീയ പുരോഹിതനാണ് അദ്ദേഹം. നാടിനെ അത്രയും ഹൃദയത്തോടു ചേർത്ത മെത്രാപ്പോലീത്തയുടെ വേർപാട്‌ ഏവരെയും ദുഖത്തിലാഴ്‌ത്തി.
തിരുമേനി പഠിച്ച മാരാമൺ എഎംഎം യുപിഎസിലെ അന്നത്തെ പ്രധാനാധ്യാപകൻ വഞ്ചിത്ര തേലപ്പുറത്ത് ടി ജി മാത്യുവായിരുന്നു. നൂറു വയസ്‌ പിന്നിട്ടാണ് ഇദ്ദേഹം മരിച്ചത്. സഭാധ്യക്ഷനായ ശേഷവും തിരുമേനി ഇദ്ദേഹവുമായുള്ള ബന്ധം തുടർന്നു. കോഴഞ്ചേരി വഞ്ചിത്രയിലുള്ള വീട്ടിൽ മാരാമൺ കൺവൻഷന്റെ ഇടവേളയിൽ ബിഷപ്പായിരുന്ന അന്നത്തെ ജോസഫ് മാർ ഐറേനിയോസ് മണപ്പുറം താണ്ടി നടന്ന് ഗുരുവിനെ കാണാനെത്തുമായിരുന്നു. മാത്യു സാറിന് 98 വയസുള്ളപ്പോൾ തിരുമേനി വീട്ടിലെത്തി പൊന്നാട അണിയിച്ചത്‌ മരുമകൾ മോളി ബാബു അനുസ്‌മരിച്ചു. 
2002–-ലാണ് ഉതൃട്ടാതി ജലമേളയിൽ കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസംഗ മധ്യേ താളാത്മകമായി പാടിയത്. തിരുമേനിക്ക് പള്ളിയോടങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നതായി പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ രാധാകൃഷണൻ സ്‌മരിച്ചു.
മറ്റു മതസ്ഥരുമായുള്ള ബന്ധത്തിന്റെ ഒരു ഉദാഹരണമാണ് ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റായിരുന്ന പരേതനായ ഉപേന്ദ്രനാഥക്കുറുപ്പുമായുള്ള സൗഹൃദം. 
കേസുകളെ തുടർന്ന് പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ സമൂഹത്തിന്‌ മാർത്തോമ്മാ പള്ളികൾ ആരാധനക്കായി തുറന്നുകൊടുക്കാം എന്ന് ആദ്യം അറിയിച്ചതും തിരുമേനി തന്നെ. വൃദ്ധരായ വൈദികരെ പാർപ്പിക്കാൻ പണിത പമ്പാതീരത്തെ കോഴഞ്ചേരി ഹെർമറ്റേജ് ഉദ്ഘാടനം ചെയ്യും മുമ്പ്‌ കോവിഡ് ക്വാറന്റയിൻ സെന്ററായി വിട്ടുനൽകിയത് ജനപക്ഷ നിലപാടിന്റെ മറ്റൊരു ഉദാഹരണം. വീണാ ജോർജ് എംഎൽഎയെ പുത്രി സമാനമായി സ്‌നേഹിച്ച തിരുമേനി, എംഎൽഎ ആവശ്യപ്പെട്ടപ്പോൾ തന്നെ ചരൽക്കുന്ന് ക്യാമ്പ്‌ സെന്റർ‌ ക്വാറന്റയിൻ സെന്ററാക്കാൻ വിട്ടുനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top