26 April Friday

ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നൽ; 
സംയുക്ത പദ്ധതികൾ നടപ്പാക്കും

സ്വന്തം ലേഖകൻUpdated: Tuesday Jan 19, 2021
പത്തനംതിട്ട 
ജില്ലാ പഞ്ചായത്തിന്റെ  അടുത്ത അഞ്ചു വർഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന സംയുക്ത പദ്ധതികൾക്ക് രൂപം നൽകുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ആദ്യയോഗം ചേർന്നു. 
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ എൻ ഹരിലാൽ ഉദ്ഘാടനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കെ എൻ ഹരിലാൽ നിർദേശിച്ചു. പദ്ധതി നിർവഹണം ജില്ലാ ആസൂത്രണ സമിതി സൂക്ഷ്മമായി നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന സംയുക്ത പദ്ധതികൾക്ക് രൂപം നൽകുന്നതിനും യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്തുകളുടെയും നാഷണൽ ഹെൽത്ത് മിഷന്റെയും സംയുക്താ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ടൂറിസം രംഗത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായും വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷനുമായും ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കും. സംസ്ഥാന ബജറ്റ് നിർദേശങ്ങൾക്ക് അനുസൃതമായി പാരമ്പര്യേതര ഊർജത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കും. ഇതിനായി കെഎസ്ഇബിയുമായി ചർച്ച നടത്തും. പ്രവാസികളുമായി സംവദിച്ച് അവരുടെ ഉന്നമനത്തിന് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. പൈതൃക കലാ സംരക്ഷണത്തിന് ഊന്നൽ നൽകും. ജില്ലയിലെ പമ്പാ നദീതട സംരക്ഷണത്തിനായി പമ്പാ ആക്ഷൻ പ്ലാൻ രൂപീകരിക്കും. ഇതിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് സമിതിയുമായി ചർച്ച നടത്തും. ടിവെള്ളം, മഴവെള്ള സംഭരണം, ഭൂഗർഭജല വിതാനം ഉയർത്തൽ തുടങ്ങിയ പദ്ധതികൾക്ക് പ്രാധാന്യം നൽകും. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഖരമാലിന്യ സംസ്‌കരണവും നടപ്പാക്കും. കോളജ് വിദ്യാർഥികളിൽ നിന്നും പുതിയ ആശയങ്ങൾ ശേഖരിച്ച് പ്രധാനപ്പെട്ടവ നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
കോവിഡിന്റെ സാഹചര്യത്തിൽ പൊതുശ്മശാനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് എഡിഎം അലക്‌സ് പി. തോമസ് പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധർ, ജില്ലാതല ഉദ്യോഗസ്ഥർ,  ജില്ലാ പ്ലാനിങ്‌ ഓഫീസർ സാബു സി മാത്യു, അസി. ജില്ലാ പ്ലാനിങ്‌ ഓഫീസർ ജി ഉല്ലാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top