09 May Thursday

കുട്ടിക്കളിയല്ലിത്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ ഭാഗമായി ചെന്നീർക്കരയിൽ കുടുംബശ്രീ അംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു

 പത്തനംതിട്ട

25 വർഷങ്ങൾ പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‌ നടപ്പിലാക്കുന്ന ‘തിരികെ സ്‌കൂളിൽ’ പരിപാടിക്ക്‌ ജില്ലയിൽ മികച്ച പിന്തുണ. ഒക്‌ടോബർ ഒന്നിന്‌ ആരംഭിച്ച ക്ലാസിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധിയായ കുടുംബശ്രീ അംഗങ്ങളാണ്‌ പങ്കാളികളായത്‌. അഞ്ച്‌ അവധി ദിവസങ്ങളിലായി  37,511 കുടുംബശ്രീ അംഗങ്ങൾ ഇതുവരെ പങ്കെടുത്തു. 48 ശതമാനമായി പങ്കാളിത്തം. ഡിസംബർ 10 വരെ 21 ദിവസം നീളുന്നതാണ്‌ പരിപാടി. 1,50,941 അംഗങ്ങളാണ്‌ ആകെ ജില്ലയിലുള്ളത്‌. 10,647 കുടുംബശ്രീകളിൽ 5,139ൽ നിന്നും ഈ ദിവസങ്ങളിൽ തന്നെ ആളുകൾ പങ്കെടുത്തിട്ടുണ്ട്‌. വിവിധ സിഡിഎസുകൾക്ക്‌ കീഴിൽ ജില്ലയിൽ 58 സ്‌കൂളുകളിലാണ്‌ പദ്ധതി നടക്കുന്നത്‌. കാര്യക്ഷമമായി മുന്നോട്ട്‌ പോകുന്ന കുടുംബശ്രീ സംവിധാനത്തെ അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന്‌ ബോധപൂർവമായ ശ്രമങ്ങളാണ്‌ നടന്ന്‌ വരുന്നത്‌. തിരികെ സ്‌കൂളിൽ പദ്ധതിയ്‌ക്ക്‌ നേരെയും ഇത്തരം സംഘടിത ശ്രമങ്ങൾ നടക്കുമ്പോൾ ജില്ലയിലെ കുടുംശ്രീ പ്രസ്ഥാനം ഒന്നാകെ അതിനെ നേരിടുന്ന കാഴ്‌ചയാണ്‌ എങ്ങും.
    സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതിൽ ഏറ്റവും ബൃഹത്തായ ക്യാമ്പയ്നാണ്‌ തിരികെ സ്കൂളിൽ. പുതിയ കാലഘട്ടത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തെ പ്രാപ്‌തമാക്കുന്നതാണ്‌ തിരികെ സ്‌കൂളിൽ പരിശീലന പരിപാടി. പരമ്പരാഗത പരിശീലന പരിപാടിയിൽ നിന്ന്‌ വ്യത്യസ്‌തമായി വീട്ടമ്മമാരും സ്‌ത്രീകളും വർഷങ്ങൾക്ക്‌ ശേഷം സ്‌കൂളുകളിലേയ്‌ക്ക്‌ തിരികെ എത്തുന്ന തരത്തിലാണ്‌ പരിശീലനം നടപ്പാക്കുന്നത്‌.
  അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്‌. രാവിലെ അസംബ്ലിയോടെയാണ്‌ തുടക്കം. ഇതിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. സംഘടനാശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്‌മ– -ജീവിതഭദ്രത– ഞങ്ങളുടെ സന്തോഷം, ഉപജീവനം-– ആശയങ്ങൾ– പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിങ്ങനെ അഞ്ച്‌ പഠന വിഷയങ്ങള്ളാണുള്ളത്‌. ക്ലാസിൽ എത്തുന്നവർ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിച്ച്‌ കലാപരിപാടികളുമായി ഒത്തുചേരും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക, അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയർത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top