26 April Friday

വീട്ടിൽ വിരിയുന്ന പുഞ്ചിരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

മല്ലപ്പുഴശ്ശേരി പുന്നയ്ക്കാട് ലൈഫ് പദ്ധതിയുടെ ഭാഗമായി പാറയിൽ 
ബാബുവിന് ലഭിച്ച വീട്

കോഴഞ്ചേരി 
നാടിന്റെ സ്നേഹത്തണലിൽ ബാബുവിന് കിട്ടിയത്‌ ലൈഫിലൂടെ വീടും ജീവിതവും. വാടക വീടിനോടു വിടപറഞ്ഞ് സ്വന്തം വീട്ടിൽ താമസം ആരംഭിച്ച പുന്നക്കാട് പാറയിൽ ബാബു (ജോൺ മാത്യു)വും കുടുബവും അതിരില്ലാത്ത ആഹ്ലാദത്തിൽ. കോവിഡ്‌ കാരണം തൊഴിൽ നഷ്ടപ്പെട്ട കുടുബത്തിന് ആശ്രയമായത് സംസ്ഥാന സർക്കാരും മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുമാണ്. വസ്തു വാങ്ങാനുള്ള പണമടക്കമാണ്‌ സർക്കാർ നൽകിയത്.
കിടപ്പാടവും വീടുമില്ലാത്ത ബാബുവും ഭാര്യയും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പ്രിന്റിങ്‌ ടെക്‌നോളജി പാസായി മംഗലാപുരത്ത് ജോലി ചെയ്യവേ കോവിഡ്‌ വ്യാപനത്തോടെ തൊഴിൽ നഷ്ടപ്പെട്ടു. ഒൻപതിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ടു കുട്ടികൾ. പഠനാവശ്യങ്ങൾക്കും നിത്യച്ചെലവിനും പോലും ബുദ്ധിമുട്ടുമ്പോൾ വസ്തു വാങ്ങി വീടു വെയ്ക്കുക എന്നത് സ്വപ്നം പോലും കാണാനാവാത്ത സ്ഥിതി.
മാലാഖയെപ്പോലെ എത്തിയത്‌ വാർഡംഗം മിനി ജിജു ജോസഫാണ്‌. ആദ്യം വസ്തു വാങ്ങി. വീടുവെയ്ക്കാൻ നാല്‌ ലക്ഷം രൂപ അനുവദിച്ചു. ചിട്ടി പിടിച്ച പണവും വീടിനായി ചെലവഴിച്ചു. സഹായഹസ്തവുമായി നാട്ടുകാരും പുന്നയ്ക്കാട് സിഎസ്ഐ ഇടവകാംഗങ്ങളുമെത്തി. ഡിവൈഎഫ്ഐക്കാരാണ് വീട്‌ പെയിന്റടിച്ച്‌ മനോഹരമാക്കിയത്.
പഞ്ചായത്തംഗത്തിന്റെ ഇടപെടലിൽ വൈദ്യുതി കിട്ടി. വീട്ടുപകരണങ്ങളും സ്നേഹിതരാണ് നൽകിയത്. 11 ലക്ഷം രൂപ മൊത്തം ചെലവായി. 
എന്നെ കരുതുന്ന നാടിനൊപ്പം ഞാനെന്നും ഉണ്ടാകുമെന്ന്‌ വീടിന്റെ പാലുകാച്ചിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാകുമാരി, വൈസ് പ്രസിഡന്റ്‌ ടി പ്രദീപ് കുമാർ, മെമ്പപഞ്ചായത്തംഗം മിനി ജിജു ജോസഫ് എന്നിവരോട്‌ ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top