26 April Friday
മെഡിക്കൽ കോളേജ്‌ ആശുപത്രി നാടിന്‌ സമർപ്പിച്ചു

കോന്നിയിനി ജില്ലയുടെ ആരോഗ്യ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 കോന്നി

മലയോര നാടിന്റെ പുതിയ വികസനക്കുതിപ്പ്‌. എൽഡിഎഫ്‌ സർക്കാരിന്റെ ആർജവത്തിൽ പണി പൂർത്തീകരിച്ച ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ‌ കെട്ടിടങ്ങൾ നാടിന്‌ സമർപ്പിച്ചു. ഒപ്പം ഒപിയുടെ പ്രവർത്തനത്തിന്‌ തുടക്കവും. രണ്ടിന്റെയും ഉദ്‌ഘാടനം മഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാടിന്‌ ഉത്സവമാകേണ്ട ചടങ്ങ്‌ കോവിഡ്‌ പശ്‌ചാത്തലത്തിൽ പരിമിതമാക്കി.‌ ക്ഷണിക്കപ്പെട്ടവർ മാത്രം പങ്കെടുത്തു. ഉച്ചക്കു ശേഷം നാട്ടുകാർക്ക്‌ ആശുപത്രി കാണാനും അവസരമൊരുക്കി.
  ഉദ്‌ഘാടന ചടങ്ങിന്റെ തലേദിവസം മുതലേ ആശുപത്രി കാണാൻ ആളുകൾ എത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ജനങ്ങൾ മെഡിക്കൽ കോളേജിലേക്ക് ഒഴുകിയെത്തി. ഇവരെ നിയന്ത്രണവിധേയമായി മാത്രം ആശുപത്രി പരിസരത്ത്‌ പ്രവേശിപ്പിച്ചു. പ്രഖ്യാപനത്തിനു ശേഷം എട്ടാം വർഷമാണ്‌ മെഡിക്കൽ കോളേജ്‌ എന്ന സ്വപ്‌നം കോന്നിയിൽ യാഥാർഥ്യമായത്‌. പ്രദേശത്തിന്റെയാകെ സമഗ്ര വികസനത്തിനാണ്‌ ഉദ്‌ഘാടനത്തോടെ നാന്ദി കുറിച്ചത്‌. 
  മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ‌മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ക്ഷണിതാക്കളെ ചെണ്ട മേളത്തോടെ സ്വീകരിച്ചു. വന്നവർക്കെല്ലാം ആന്റിജൻ ടെസ്‌റ്റ്‌ നടത്തി. ചടങ്ങ്‌ കാണാൻ ആഗ്രഹമുള്ള പൊതുജനങ്ങൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ മുൻകരുതലിന്റെ ഭാഗമായി ഇത്‌ അനുവദിച്ചിരുന്നില്ല. 
  ഒപി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായി ഫാർമസി ക്രമീകരിച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 75 ലക്ഷം രൂപയുടെ മരുന്നാണ് എത്തിക്കുന്നത്. 
 പത്തനംതിട്ട ജില്ലക്ക്‌ പുറമെ കൊല്ലം ജില്ലയിലുള്ളവർക്കും ശബരിമല തീർഥാടകർക്കും ഏറെ ആശ്വാസകരമാകും കോന്നി മെഡിക്കൽ കോളേജ്‌‌ ആശുപത്രി. ആശുപത്രി കെട്ടിടവും അക്കാദമിക്‌ ബ്ലോക്കുമാണ്‌ ആദ്യഘട്ടത്തിൽ പൂർത്തിയായത്‌. അടുത്ത ഘട്ടമായി കോളേജിന്റെ അനുബന്ധ സൗകര്യങ്ങളും 200 കിടക്കകളുള്ള ആശുപത്രിയും നിർമിക്കും. വിദ്യാർഥി പ്രവേശനം അടുത്ത അധ്യയന വർഷം നടത്താൻ മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം കിട്ടേണ്ടതുണ്ട്‌. സൃഷ്ടിച്ച തസ്‌തികകളിലെല്ലാം ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചു.
  ഉദ്‌ഘാടന ചടങ്ങിൽ‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ഓൺലൈനിലൂടെ അധ്യക്ഷയായി.  മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തി.  എംഎൽഎമാരായ അഡ്വ. കെ യു ജനീഷ് കുമാർ, രാജു ഏബ്രഹാം, വീണാ ജോർജ്,  കലക്ടർ പി ബി നൂഹ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. എ റംലാബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ മധു, ബീനാ പ്രഭ, അരുവാപ്പുലം പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കോന്നി വിജയകുമാർ, മെഡിക്കൽ എജ്യുക്കേഷൻ ജോ. ഡയറക്ടറും സ്‌പെഷ്യൽ ഓഫീസറുമായ ഡോ. ഹരികുമാരൻ നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ. എബി സുഷൻ, സൂപ്രണ്ട് ഡോ. എസ് സജിത്ത് കുമാർ, പ്രിൻസിപ്പൽ ഡോ. സി എസ് വിക്രമൻ, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, കെഎസ്ആൻഡ്സിഇഡബ്ല്യുഡബ്ല്യുഎഫ്ബി ചെയർമാൻ അഡ്വ. കെ അനന്തഗോപൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ആർ ഉണ്ണികൃഷ്ണ പിള്ള, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ അംഗം പി ജെ അജയകുമാർ, പ്ലാന്റേഷൻ കോർപറേഷൻ ഡയറക്ടർ പി ആർ ഗോപിനാഥൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എൻ എം രാജു, എൻസിപി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരൻ നായർ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ശ്യാംലാൽ, എസ്‌ ഹരിദാസ്‌, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സാജു അലക്സാണ്ടർ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് ജോ എണ്ണയ്ക്കാട്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, കേരള കോൺഗ്രസ് (സ്‌കറിയ) ജില്ലാ പ്രസിഡന്റ് ബാബു പറയത്ത്കാട്ടിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പുറം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്  എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top