26 April Friday

ജനറൽ മെഡിസിൻ ഒപിയുമായി ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
പത്തനംതിട്ട
നാട്‌ കാത്തിരുന്ന ദിനം ഇന്ന്‌. കോന്നി ഗവ. മെഡിക്കൽ കേളേജ്‌ ആശുപത്രിയിൽ തിങ്കളാഴ്‌ച ഒപി ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ജനറൽ മെഡിസിൻ ഒപി മാത്രമാണ് പ്രവർത്തിക്കുക. ഇതിന്‌ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഒപി ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ ആകെ 50 പേരേ പങ്കെടുക്കൂ. പൊതുജനങ്ങൾക്ക്‌ പ്രവേശനമില്ല.
വരുംദിവസങ്ങളിൽ ഏഴ് ഡിപ്പാർട്ട്‌മെന്റുകൾ പ്രവർത്തിക്കും. തിങ്കളാഴ്ച ദിവസം ജനറൽ മെഡിസിനും, ചൊവ്വാഴ്ച ജനറൽ സർജറിയും, ബുധനാഴ്ച ശിശുരോഗ വിഭാഗവും, വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും, വെള്ളിയാഴ്ച ഇഎൻടിയും, ശനിയാഴ്ച ഒഫ്ത്താൽമോളജി, ഡെന്റൽ ഒപിയും പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ലോക്കൽ ഒപി മാത്രമായാണ് പ്രവർത്തിക്കുക. റഫറൽ ആശുപത്രിയായി പ്രഖ്യാപിക്കുന്നതു വരെ എല്ലാവർക്കും ഒപിയിൽ പരിശോധന ഉണ്ടാകും. ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് മരുന്ന് സൗജന്യമായി നൽകും. ഫാർമസിയും പ്രവർത്തിക്കും. 
അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി, അക്കാദമിക് ബ്ലോക്ക് എന്നിങ്ങനെ 49,200 സ്‌ക്വയർ മീറ്റർ കെട്ടിട നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇതുവരെയുളള നിർമാണ പ്രവൃത്തികൾക്കായി 110 കോടി രൂപ ചെലവഴിച്ചു. ഇതിൽ 74 കോടി രൂപ വിനിയോഗിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. സൃഷ്ടിക്കപ്പെട്ട തസ്തികകളിൽ ഡോക്ടർമാരെയും, മറ്റു ജീവനക്കാരെയും നിയമിച്ചു. എംസിഐ മാനദണ്ഡ പ്രകാരം 50 വിദ്യാർഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടു പോകാനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. 
കോന്നി ഗവ. മെഡിക്കൽ കോളജിലെ ഒ പി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതോടെ കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരും. ഉദ്ഘാടന ചടങ്ങ് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും നടക്കുക.
മെഡിക്കൽ കോളജിൽ പൊലീസ് എയ്ഡ് പോസ്റ്റ് ചൊവ്വാഴ്‌ച പ്രവർത്തനം ആരംഭിക്കും. ഒരു ഓഫീസറുടെ നേതൃത്വത്തിൽ പൊലീസുകാരെ എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കും. മെഡിക്കൽ കോളജിനു സമീപം പൊലീസ് സ്റ്റേഷൻ ആരംഭിക്കാനും ശ്രമമുണ്ട്‌.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന ക്ഷണിക്കപ്പെട്ടവർ ഒൻപത്‌ മണിയോടു കൂടി എത്തണമെന്ന്‌ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. എല്ലാവർക്കും കോവിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാണ്. ടെസ്റ്റ് നടത്തിയാണ് ഉദ്ഘാടന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത്. ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കോവിഡ് മാനദണ്ഡം നിലനില്ക്കുന്നതിനാൽ എല്ലാവരും സഹകരിക്കണമെന്ന് എംഎൽഎ പറഞ്ഞു. പകൽ  രണ്ട്‌ മുതൽ ആറ്‌ വരെ പൊതുജനങ്ങൾക്ക് കാണാനായി മെഡിക്കൽ കോളേജ് തുറന്നുകൊടുക്കുമെന്നും എംഎൽഎ പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top