26 April Friday
പുറമറ്റത്ത് അവിശ്വാസം നാളെ

കോൺഗ്രസിൽനിന്ന്‌ ‌ പഞ്ചായത്തംഗങ്ങളുടെ കൂട്ടരാജി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

 ഇരവിപേരൂർ 

കോൺഗ്രസിലെ  മുതിർന്ന നേതാവായ പ്രൊഫ. പി ജെ കുര്യന്റെ സ്വന്തം തട്ടകമായ പുറമറ്റം പഞ്ചായത്തിൽ കോൺഗ്രസിനുളളിലെ പ്രതിസന്ധി രൂക്ഷമാക്കി കൊണ്ട് പഞ്ചായത്തംഗങ്ങളുടെ കൂട്ടരാജി  തുടരുന്നു.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ റനി സനൽ രണ്ടു ദിവസം മുമ്പ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ രാജിവച്ചാണ് കൂട്ടരാജിക്ക് തുടക്കമിട്ടത്. തിങ്കളാഴ്‌ച മറ്റൊരു മുൻ പഞ്ചായത്ത് പ്രസിഡന്റായ റേച്ചൽ ബോബൻ, മുൻ വൈസ് പ്രസിഡന്റ്‌ രാജു പുളിമൂടൻ, ആഷാ ജയപാലൻ എന്നിവർ കൂടി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ രാജിവച്ചതോടെ പുറമറ്റത്തെ കോൺഗ്രസിനുളളിലെ പ്രതിസന്ധി അതിരൂക്ഷമായി. 
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വിനീത് കുമാറിനെതിരെ എൽഡിഎഫിലെ നാലംഗങ്ങൾക്കൊപ്പം റേച്ചൽ ബോബൻ, രാജു പുളിമൂട്,ആഷാ ജയപാലൻ എന്നിവർ നൽകിയ അവിശ്വാസപ്രമേയം ബുധനാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം. ഇവർ നൽകിയ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യണമെന്ന് ഡിസിസി വിപ്പു നൽകാനിടയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് മൂവരുടെയും രാജി.
കോൺഗ്രസിലെ ഈ മൂവർക്കൊപ്പം ഈപ്പൻ പോൾ, ഇ ടി രവി എന്നിവർ ചേർന്നാണ് ആദ്യം വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ നീക്കം നടത്തിയത്. ഇ ടി രവിയുടെ അയോഗ്യതാ വിഷയം ചൂണ്ടിക്കാട്ടി വിനീത് കുമാർ ഹൈക്കോടതിയിൽനിന്ന്‌ അവിശ്വാസ പ്രമേയ ചർച്ചക്ക്‌ സ്‌റ്റേ സമ്പാദിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ അഞ്ച് പേരെയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി   പുറത്താക്കിയിരുന്നു. തുടർന്നാണ് നാലംഗ എൽഡിഎഫിനൊപ്പം കോൺഗ്രസിലെ മൂന്ന് അംഗങ്ങൾ കൂടി ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. ഈ അവിശ്വാസ പ്രമേയമാണ് 15ന്‌‌ ചർച്ച ചെയ്യുക. പതിമൂന്നംഗ ഭരണസമിതിയിലെ ഇ ടി രവിയെ ഒഴിവാക്കി നിർത്തുന്നതോടെ  പന്ത്രണ്ട്‌ അംഗങ്ങളാവും ചർച്ചയിൽ പങ്കെടുക്കുക. ഇതോടെ ഏഴംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം പാസാകാനാണ് സാധ്യത.
നിലവിലുണ്ടായിരുന്ന പ്രസിഡന്റ്‌ റനി സനൽ  ആറു മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോൾ രാജിവച്ചതോടെ  ഇപ്പോൾ പ്രസിഡന്റിന്റെ ചുമതല കൂടി  വൈസ് പ്രസിഡന്റാണ്‌ നിർവഹിക്കുന്നത്. 
അവിശ്വാസം പാസാകുന്നതോടെ പഞ്ചായത്തിന് പ്രസിഡന്റും വൈസ് പ്രസിഡന്റുമില്ലാതാകും. മൂന്ന് സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരിൽ ബാക്കി കാലാവധി പ്രസിഡന്റാകാം എന്ന പ്രതീക്ഷയിൽ ജോളി ജോൺ വികസന കാര്യ അധ്യക്ഷസ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നു. വൈസ്‌ പ്രസിഡന്റ്‌ പുറത്താകുന്നതോടെ  ധനകാര്യത്തിനും അധ്യക്ഷനില്ലാതാകും. ഫലത്തിൽ ക്ഷേമകാര്യ സ്‌റ്റാൻഡിങ്‌  കമ്മിറ്റി അധ്യക്ഷൻ ഈപ്പൻ പോൾ അടുത്ത പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതു വരെ എല്ലാ ചുമതലകളും ഒറ്റയ്ക്ക് വഹിക്കേണ്ടി വരും. ഇത് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാവും. 
വർഷങ്ങളായി പുറമറ്റത്തെ കോൺഗ്രസിനുള്ളിൽ  നീറി പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് പോരാണ് എല്ലാമറകളും നീക്കി പുറത്തു വന്നിരിക്കുന്നത്. കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ തല മുതിർന്ന നേതാവിന്റെ ഭാഗത്തുനിന്ന്‌ തുടർച്ചയായി ഉണ്ടാകുന്നതിൽ അസംതൃപ്തരാണ് നല്ലൊരു പങ്ക് പ്രവർത്തകരും.  എന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും അവിശ്വാസ നീക്കത്തിൽനിന്ന്‌ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വിമത വിഭാഗം ആവർത്തിച്ചു വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top