27 April Saturday
അദാലത്ത് ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനംചെയ്തു

മാതാപിതാക്കളെ സംരക്ഷിക്കൽ മക്കളുടെ ഉത്തരവാദിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നൽകിയ മണ്ണടി ചൂരക്കാട്ടിൽ വീട്ടിൽ ചന്ദ്രമതി അമ്മയെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിക്കുന്നു

 
അടൂർ
മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ഏതൊരു മകന്റെയും മകളുടെയും കടമയാണെന്ന്  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും  സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പിന്റെയും അടൂർ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം പകരം വയ്ക്കാൻ കഴിയാത്തതാണ്.  അവരാണ് നമ്മുടെ ഊർജവും ശക്തിയും. വിദ്യാഭ്യാസം നൽകി അവരെ വളർത്തി വലുതാക്കി സ്വയം പ്രാപ്തരാക്കിയ ശേഷം മാതാപിതാക്കളെ വേണ്ടാതാകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നു. കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും അവഗണന നേരിടുന്നവർക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി 2007 ലെ  നിയമം നിലവിലുണ്ട്. ഇത് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് നിയമപരമായുള്ള ശിക്ഷ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബത്തിന് വീടും വസ്തുവും ഇഷ്ടദാനം നൽകിയ മണ്ണടി ചൂരക്കാട്ടിൽ വീട്ടിൽ ചന്ദ്രമതി അമ്മയെ(77) ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു.
അടൂർ നഗരസഭാധ്യക്ഷൻ ഡി സജി  അധ്യക്ഷനായി. അടൂർ  ആർഡിഒ എ. തുളസീധരൻ പിള്ള,  ജില്ലാ സാമൂഹ്യനീതി ഓഫീസർ എസ് ഷംലാ ബീഗം, റോട്ടറി ക്ലബ് ജില്ലാ ചെയർമാൻ കെ പി സുധാകരൻ പിള്ള, അടൂർ റെഡ് ക്രോസ് സെക്രട്ടറി മോഹനൻ ജെ നായർ, മഹാത്മ ജനസേവകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, അടൂർ തഹസിൽദാർ ജി കെ പ്രദീപ്, ആർഡിഒ ഓഫീസ് സീനിയർ സൂപ്രണ്ട് പി സുദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അദാലത്തിൽ മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഒരേസമയം പരമാവധി പരാതികൾ പരിഗണിക്കുന്നതിനായി എട്ടു കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. ആകെ 74 പരാതികൾ ലഭിച്ചതിൽ 45 പരാതികൾ തീർപ്പാക്കി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top