26 April Friday

കുതിരാനിൽ ഇരുവശത്തേക്കും 
ഗതാഗതം തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Nov 26, 2021

കുതിരാൻ തുരങ്കത്തിനുള്ളിലൂടെ ഇരുവശത്തേക്കും വാഹനഗതാഗതം ആരംഭിച്ചപ്പോൾ

 
വടക്കഞ്ചേരി >  വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. ഇടത്‌ തുരങ്കത്തിലൂടെ പാലക്കാട്‌ നിന്ന്‌ തൃശൂർ ഭാഗത്തേക്ക്‌ മാത്രമായിരുന്നു ഇതുവരെ ഗതാഗതം. രണ്ടാം തുരങ്കനിർമാണത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച മുതലാണ്‌ ഇരുവശത്തേക്കും വാഹനം കടത്തിവിട്ടത്. 
 
പൊലീസ് ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി അധികൃതരുടെയും സാന്നിധ്യത്തിൽ രാവിലെ 10.30മുതൽ വാഹനങ്ങൾ കടത്തിവിട്ടു. രണ്ടാം തുരങ്കം പണി പൂർത്തിയാകുംവരെ ഈ  ക്രമീകരണം തുടരും. രണ്ടാം തുരങ്കം പൂർത്തിയാക്കണമെങ്കിൽ കുതിരാനിലെ റോഡ് പൊളിക്കേണ്ടിവരും.
 
ഒല്ലൂർ പൊലീസ് അസിസ്റ്റന്റ്‌ കമീഷണർ കെ സി സേതു, പീച്ചി സിഐ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കരാർ കമ്പനി അധികൃതരായ ജി അജിത്, എൻ രാമകൃഷ്ണ റെഡ്ഡി എന്നിവരും സ്ഥലത്തെത്തി ഗതാഗത ക്രമീകരണം പരിശോധിച്ചു. തൃശൂർ ഭാഗത്തേക്ക് പോകുമ്പോൾ കൊമ്പഴ മമ്മദ് പടി മുതൽ തുരങ്കം കടന്ന് വഴുക്കുംപാറ തോപ്പിൽ ഗാർഡൻസിന് സമീപംവരെയുള്ള 3.2 കിലോമീറ്ററാണ് ബാരിക്കേഡ്‌ വച്ച് നിയന്ത്രിച്ചത്.
 
ഈ പ്രദേശത്ത് കർശന പരിശോധനയുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊലീസിന്റെ സേവനമുണ്ടാകും. ഈ മേഖലയിൽ അമിത വേഗം, മറികടക്കൽ എന്നിവ അനുവദിക്കില്ല. അപകടം സംഭവിച്ചാലോ, വാഹനങ്ങൾക്ക് കേട് പറ്റിയാലോ ഉടൻതന്നെ നീക്കം ചെയ്യാൻ റിക്കവറി വാനും ആംബുലൻസും സജ്ജമാക്കി. രണ്ടാം തുരങ്ക നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top