26 April Friday

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
പാലക്കാട്
ജില്ലയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ചെറിയ രോഗലക്ഷണങ്ങളുള്ളവരെ വീടുകളിൽ നിരീക്ഷിക്കുമെന്നും ഗുരുതര രോഗ ലക്ഷണങ്ങളുള്ളവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
കോവിഡിന്റെ ഒന്നാം തരംഗകാലത്ത്‌ ആകെ കോവിഡ് സ്ഥിരീകരിച്ച ആളുകളിൽ 86 ശതമാനം പേരും വീടുകളിലാണ് ചികിത്സയിലിരുന്നത്. ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ ഇക്കാലയളവിൽ 1000 പേരിൽ മൂന്നുപേർ എന്ന നിരക്കിലാണ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. 
ഡെൽറ്റ വകഭേം വ്യാപകമായ രണ്ടാം തരംഗത്തിൽ ജില്ലയിലെ കോവിഡ് ബാധിതരിൽ  77ശതമാനം പേരാണ് ഗാർഹിക നിരീക്ഷണത്തിലിരുന്നത്. ഗാർഹിക നിരീക്ഷണത്തിലുണ്ടായിരുന്ന 1000 കോവിഡ് ബാധിതരിൽ ആറുപേരെ വീതം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആകെ കോവിഡ് ബാധിതരിൽ 96 ശതമാനം പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്‌. ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവരിൽ 2/1000  എന്ന നിരക്കിലാണ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്.
60ന്‌ മുകളിൽ പ്രായമായ മറ്റു രോഗമുള്ളവർ (രക്താതിമർദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം, കരൾ, വൃക്കരോഗം) ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ വീടുകളിൽ നിരീക്ഷത്തിലിരിക്കാവൂ എന്നും ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഹോം ഐസൊലേഷൻ 
ആർക്കൊക്കെ
. രോഗലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവായവർ
. ലഘുവായ ലക്ഷണങ്ങളുള്ളവർ
.ചെറിയ ലക്ഷണമുണ്ടെങ്കിലും ഓക്‌സിജൻ വ്യതിയാനം 95നും അതിന് മുകളിലോ ഉള്ളവർ
ഹോം ഐസൊലേഷൻ 
സൗകര്യങ്ങൾ
.ഒരു മുറി, ഫോൺ സൗകര്യം, കുടുംബാംഗങ്ങളുമായി സമ്പർക്കമില്ലാതെ ഒരേ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നതിന് വീടുകളിൽ സൗകര്യമുള്ളവർ.
.ആഴ്ചയിൽ ഏഴു ദിവസം, 24 മണിക്കൂറും പരിചരണം നൽകാൻ പൂർണ ആരോഗ്യവാനായ പരിചാരകൻ വേണം.
.ഭക്ഷണം, മരുന്ന് തുടങ്ങിയവ നൽകാനുള്ള സംവിധാനം. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് മെമ്പർ അടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെയോ ഫോൺ നമ്പറുകൾ.
ഹോം ഐസൊലേഷൻ രോഗികൾ ചെയ്യേണ്ടത്
. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
. സാധാരണ ഭക്ഷണം കഴിക്കുക.
. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക.
. ധാരാളം വെള്ളം കുടിക്കുക
അപായ സൂചനകൾ
. കുറയാതെ തുടരുന്ന കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയിൽ കൂടുതൽ)
. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഓക്‌സിജൻ അളിവിൽ കുറവ് (ഒരു മണിക്കൂറിൽ എടുക്കുന്ന മൂന്നു പരിശോധനകളിൽ ഓക്‌സിജൻ അളവ്‌ 95 ശതമാനത്തിൽ കുറവോ, ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റിൽ 24ൽ കൂടുതലോ)
. എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top