26 April Friday
പറമ്പിക്കുളം

ഒക്ടോബർ രണ്ടിനകം 
പുതിയ ഷട്ടർ

എ തുളസീദാസ്Updated: Sunday Sep 25, 2022

സംയുക്ത ജലക്രമീകരണബോർഡ് ചെയർപേഴ്സൺ, പി ശ്രീദേവി, അംഗം എസ് സുപ്രിയ, തമിഴ്നാട് ജലവിഭവ സൂപ്രണ്ടിങ് എൻജിനിയർ ദേവരാജൻ എന്നിവർ പറമ്പിക്കുളം ഡാമിലെ തകർന്ന ഷട്ടർ പരിശോധിക്കുന്നു

കൊല്ലങ്കോട് 
പറമ്പിക്കുളം അണക്കെട്ടിലെ തകർന്ന ഷട്ടറിന്‌ പകരം പുതിയ ഷട്ടർ ഒക്ടോബർ രണ്ടിനകം സ്ഥാപിക്കും. ശനിയാഴ്ച പറമ്പിക്കുളം സന്ദർശിച്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റേതാണ്‌ വിലയിരുത്തൽ. സംയുക്ത ജലക്രമീകരണബോർഡ് ചെയർപേഴ്സൺ കൂടിയായ അന്തർ സംസ്ഥാന നദീജല വിഭാഗം ചീഫ്‌ എൻജിനിയർ പി ശ്രീദേവി, അംഗം കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം ചീഫ് എൻജിനിയർ എസ് സുപ്രിയ, തമിഴ്നാട് ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ദേവരാജൻ എന്നിവരാണ്‌ ശനിയാഴ്ച പറമ്പിക്കുളം അണക്കെട്ട്‌ സന്ദർശിച്ചത്‌. 
പുതിയത്‌ സമയബന്ധിതമായി സ്ഥാപിക്കണമെന്നും മറ്റ് രണ്ട് ഷട്ടറുകളുടെ ഉറപ്പ്‌ പരിശോധിക്കണമെന്നും യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ആവശ്യപ്പെട്ടു. തകർന്ന ഷട്ടറുകൾ നിർമിച്ച അതേ കാലയളവിലുള്ള മറ്റ് രണ്ട് ഷട്ടറുകളും മാറ്റി സ്ഥാപിക്കണം. 
പറമ്പിക്കുളം അണക്കെട്ട്‌ സമുച്ചയത്തിൽ ഉൾപ്പെട്ട തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഷട്ടറുകളും പരിശോധിച്ച് സമയബന്ധിതമായി മാറ്റി പുതിയത് സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. 
നീരൊഴുക്ക്‌ കുറഞ്ഞു
ശനിയാഴ്ച ഉച്ചയോടെ ഡാമിൽ നിന്നുള്ള നീരൊഴുക്ക്‌ സെക്കന്റിൽ  7,000 ഘനയടിയായി കുറഞ്ഞു. ആദ്യ ദിവസം തകർന്ന ഷട്ടറിലൂടെയും നിയന്ത്രിതമായി തുറന്ന രണ്ട് ഷട്ടറുകളിലൂടെയും സെക്കന്റിൽ 20,000 ഘനയടി വെള്ളമാണ്‌ ഒഴുകിയത്‌. കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് 1100 ഘനയടി വെള്ളവും ഒഴുക്കുന്നുണ്ട്. ഇതേ നിലയിൽ നാല് ദിവസം ജലം ഒഴുകിയാൽ ഷട്ടർ നിരപ്പിൽ എത്തും. ഷട്ടർ നിരപ്പിനേക്കാൾ ഒരടി കൂടി ജലനിരപ്പ് താഴ്ന്നാലെ തകർന്ന ഷട്ടറിന്റെ ഭാഗം ശാസ്ത്രീയമായി പരിശോധിച്ച് പുതിയത്‌ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവൃത്തി നടത്താനാവു.
4 അണക്കെട്ട്‌ 
അടച്ചു
പാലക്കാട്
മഴ ഒഴിഞ്ഞതോടെ ജില്ലയിലെ നാല് അണക്കെട്ട്‌ പൂർണമായി അടച്ചു. മീങ്കര, മലമ്പുഴ, കാഞ്ഞിരപ്പുഴ, ചുള്ളിയാർ അണക്കെട്ടുകളാണ് പൂർണമായി അടച്ചത്. 
ജില്ലയിൽ നിലവിൽ വാളയാർ അണക്കെട്ടിന്റെ രണ്ട് സ്പിൽവേ ഷട്ടർ ഒരു സെന്റീമീറ്റർ വീതവും പോത്തുണ്ടി അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ ഒരു സെന്റീമീറ്ററും മംഗലം അണക്കെട്ടിന്റെ ഒരു ഷട്ടർ ഒരു സെന്റീമീറ്ററും ശിരുവാണി അണക്കെട്ടിന്റെ റിവർ സ്ലൂയിസ് അഞ്ച് സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. 
മൂലത്തറ റെഗുലേറ്ററിന്റെ പത്താം നമ്പർ ഷട്ടർ ജല വിതരണത്തിനായി 15 സെന്റീമീറ്റർ തുറന്നിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top